ഇന്ത്യയിൽ വൈദ്യുതോർജ്ജ ഉപഭോഗം ചരിത്രത്തിലാദ്യമായി 270 ജിഗാവാട്ട് എന്ന റെക്കോർഡ് നിലവാരത്തിലെത്തി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പകൽസമയത്തെ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും, രാത്രികാലങ്ങളിലും കഠിനമായ ചൂട് തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥാ ഗവേഷണ സംഘടനയായ ക്ലൈമറ്റ് ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വ്യവസായ ആവശ്യങ്ങൾക്കായിട്ടല്ല, മറിച്ച് ഗാർഹിക ആവശ്യങ്ങൾക്കായി ശീതീകരണ സംവിധാനങ്ങൾ (AC) അമിതമായി ഉപയോഗിക്കുന്നതാണ് വൈദ്യുതി ഡിമാൻഡ് കുതിച്ചുയരാൻ പ്രധാന കാരണം.
ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സാഹചര്യം രാജ്യത്ത് സംജാതമാകുന്നത്. സിക്കിം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും രാത്രികാല താപനിലയിൽ വലിയ വർധനവാണ് ദൃശ്യമാകുന്നത്.
വൈദ്യുതി ഉപഭോഗം റെക്കോർഡ് ഭേദിച്ച 21ന് 80 ജിഗാവാട്ട് വൈദ്യുതി ലഭിച്ചത് സൗരോർജ്ജത്തിൽ നിന്നായിരുന്നു. എന്നാൽ, സന്ധ്യാസമയത്തോടെ സൗരോർജ്ജ ഉൽപാദനം നിലയ്ക്കുന്നത് താപവൈദ്യുതി നിലയങ്ങൾക്ക് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
ഇത് ദേശീയ പവർ ഗ്രിഡിന്റെ സുഗമമായ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ക്ലൈമറ്റ് ട്രെൻഡ്സ് നൽകുന്ന മുന്നറിയിപ്പനുസരിച്ച്, 2030-ഓടെ രാജ്യത്തെ 40 ശതമാനത്തോളം വീടുകളിലും ശീതീകരണ സംവിധാനങ്ങൾ ആവശ്യമായി വരും.
വീടുകളിൽ നിന്ന് പുറന്തള്ളുന്ന ചൂടുകൂടി നഗരങ്ങളിലെ അന്തരീക്ഷത്തെ ബാധിക്കുന്നതോടെ പല നഗരങ്ങളും ‘താപത്തുരുത്തുകൾ’ (Urban Heat Islands) ആയി മാറിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

