ഗുജറാത്ത് തീരത്ത് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ആയിരം കോടി രൂപ വിലമതിക്കുന്ന നൂറ് കിലോഗ്രാമിലധികം കൊക്കെയ്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ചേർന്ന് കണ്ടെടുത്തത്.
പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. രാജ്യത്തിന്റെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്.
പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്നും പുറപ്പെട്ട, യൂറോപ്യൻ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പൽ കടലിൽ വെച്ച് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ കപ്പൽ വളഞ്ഞ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു.
സംഭവത്തിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിക്കടത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ, മയക്കുമരുന്ന് എത്തിക്കാൻ ലക്ഷ്യമിട്ട
വഴികൾ, എന്നിവ കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസികൾ പരിശോധനകൾ ഊർജിതമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്.
മേയ് 23-ന് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ സംശയത്തിന്റെ പേരിൽ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കൊക്കെയ്ൻ അടങ്ങിയ ഗുളികകൾ വിഴുങ്ങിയതായി സമ്മതിക്കുകയും, തുടർന്ന് ഇവരുടെ ശരീരത്തിൽ നിന്നും 1.40 കിലോഗ്രാം കൊക്കെയ്ൻ അടങ്ങിയ 84 ഗുളികകൾ പുറത്തെടുക്കുകയും ചെയ്തു.
ഇതിന് മുൻപ് മേയ് 19-ന് ഇതേ റൂട്ടിൽ മുംബൈയിൽ എത്തിയ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി 4.25 കോടി രൂപ വിലമതിക്കുന്ന 63 ഗുളികകളും പിടിച്ചെടുത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലുമായി നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

