പറവൂർ മേഖലയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായുള്ള ഇടപ്പള്ളി – മൂത്തകുന്നം റീച്ച് നിർമാണം ആരംഭിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാകുന്നു. 910 ദിവസത്തെ കരാർ കാലാവധി നിശ്ചയിച്ച് 2022 ഒക്ടോബർ 26നാണ് ഈ പദ്ധതിക്ക് തുടക്കക്കമിട്ടത്.
യഥാർത്ഥ കരാർ പ്രകാരം 2025 ഏപ്രിലിൽ പൂർത്തീകരിക്കേണ്ടിയിരുന്ന പ്രവൃത്തികളാണ് കാലാവധി കഴിഞ്ഞിട്ടും നീണ്ടുപോകുന്നത്. നിരവധി തവണ സമയപരിധി നീട്ടി നൽകിയിട്ടും പണികൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
ഒടുവിൽ 2027 മേയ് മാസത്തോടെ നിർമാണം പൂർത്തിയാക്കണമെന്നാണ് ദേശീയപാത അതോറിറ്റി (NHAI) കരാർ കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ നിർദേശം. എന്നാൽ നിലവിലുള്ള പ്രതിസന്ധികൾ വെച്ചുനോക്കുമ്പോൾ ഈ സമയപരിധിക്കുള്ളിലും പ്രവൃത്തികൾ പൂർത്തിയാകാൻ സാധ്യത കുറവാണ്.
പാലങ്ങൾ, മേൽപ്പാലങ്ങൾ, റോഡുകൾ എന്നിവയുടെ നിർമാണം ഇനിയും ബാക്കിയുണ്ട്. ചില പ്രദേശങ്ങളിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും സമരങ്ങൾ നടക്കുന്നുണ്ട്.
പുതുക്കിയ ഡിസൈൻ പ്രകാരം എട്ട് സ്ഥലങ്ങളിൽ പുതിയ തൂൺപാതകളുടെ നിർമാണവും ഏറ്റെടുക്കേണ്ടതുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇടപ്പള്ളി മുതൽ കോട്ടപ്പുറം വരെയുള്ള 26.2 കിലോമീറ്റർ ദൂരത്തിലുള്ള ഈ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്.
നിലവിൽ പദ്ധതിയുടെ 78 ശതമാനം പ്രവൃത്തികൾ പൂർത്തിയായെന്നാണ് കരാർ കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. നാല് വർഷമായിട്ടും ക്വാറി ലഭ്യമല്ല നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ പ്രധാന കാരണം കല്ലെടുക്കുന്നതിനായി കരാർ കമ്പനിക്ക് ഇതുവരെ ക്വാറി ലഭ്യമാക്കാൻ സാധിച്ചിട്ടില്ലാത്തതാണ്.
തുടക്കത്തിൽ തന്നെ മണ്ണും കല്ലും ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. മണ്ണെടുക്കാൻ ശ്രമിച്ച പലയിടങ്ങളിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും കോടതിയുടെ സ്റ്റേ ഉത്തരവുകളും തിരിച്ചടിയായി.
പിന്നീട് പുഴകളിൽ നിന്ന് മണ്ണ് ഡ്രെഡ് ചെയ്ത് ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചതോടെയാണ് മണ്ണ് സംബന്ധിച്ച പ്രതിസന്ധിക്ക് പരിഹാരമായത്. എന്നാൽ ക്വാറി ലഭ്യമല്ലാത്തതിനാൽ നിർമാണത്തിന്റെ ആരംഭത്തിൽ തന്നെ ചാലക്കുടിയിൽ കമ്പനി സജ്ജീകരിച്ച ക്രഷർ യൂണിറ്റ് ഇതുവരെയും പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല.
മുൻകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നായിരുന്നു കല്ലുകൾ എത്തിച്ചിരുന്നത്. നിലവിൽ തമിഴ്നാട് ക്വാറി ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടുകൂടി സ്ഥിതി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
പദ്ധതി പൂർത്തിയാക്കാൻ ഇനിയും പത്ത് ലക്ഷം ടൺ മെറ്റൽ ആവശ്യമുണ്ട്. നിർമിച്ചിടത്ത് വീണ്ടും നിർമാണം ഡിസൈനിൽ വരുത്തിയ നിരന്തരമായ മാറ്റങ്ങൾ കാരണം നേരത്തെ നിർമിച്ച ഭാഗങ്ങൾ പൊളിച്ചു പണിയേണ്ടി വന്നതും പദ്ധതി വൈകാൻ കാരണമായി.
മണ്ണിട്ട് ഉറപ്പിച്ച് വശങ്ങളിൽ കട്ടകൾ അടുക്കുന്ന രീതിയാണ് ഉയരപ്പാത നിർമാണത്തിനായി ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാൽ എട്ട് മീറ്ററിലധികം ഉയരത്തിൽ പാത പോകുന്ന ചില ഭാഗങ്ങളിൽ ഈ രീതി അപകടസാധ്യത ഉണ്ടാക്കുമെന്ന് വിലയിരുത്തിയതിനെ തുടർന്ന് എട്ട് സ്ഥലങ്ങളിൽ തൂണുകളിൽ നിർമിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.
ഇതേത്തുടർന്ന് ചിലയിടങ്ങളിൽ ഇതിനകം നിർമിച്ച ഭാഗങ്ങൾ പൊളിച്ചു മാറ്റേണ്ടി വന്നു. വള്ളുവള്ളി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ കട്ടകൾ നീക്കം ചെയ്ത് മണ്ണ് എടുത്തുമാറ്റിയുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആദ്യഘട്ട ഡിസൈനിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ പലതവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
നിലവിൽ ഏകദേശം അഞ്ച് കിലോമീറ്ററോളം വരുന്ന റോഡ് ഭാഗം മാത്രമാണ് ഗതാഗതയോഗ്യമായിട്ടുള്ളത്. എങ്കിലും പലയിടങ്ങളിലും ഇപ്പോഴും നിർമാണം തുടരുന്നതിനാൽ ഈ പാതയിലൂടെ പൂർണ്ണമായി വാഹനഗതാഗതം ആരംഭിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

