കണ്ണൂർ ജില്ലയിലെ കോളയാട്ടിൽ ബിസിനസ് പങ്കാളിയുമായുണ്ടായ തർക്കത്തെത്തുടർന്ന് ഫ്ലോർമിൽ ഉടമ സ്വയം വെടിയുതിർത്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവസ്ഥലത്തു നടത്തിയ വിശദമായ പരിശോധനയിൽ കെ.കെ.ജോസഫിന്റെ (ജോസ്) വീട്ടിൽ നിന്നും രണ്ട് നാടൻ തോക്കുകളും തിരകളും പൊലീസ് കണ്ടെടുത്തു.
കൂത്തുപറമ്പ് സിഐ ടി.വി.പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെ കണ്ണവം പൊലീസും ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംയുക്തമായാണ് പരിശോധന പൂർത്തിയാക്കിയത്.
ജോസ് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് വീടിനുള്ളിൽ നിന്നും, രണ്ടാമത്തെ തോക്ക് വീടിനു പുറത്തു നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ കാറിൽ നിന്നുമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത തോക്കുകളും തിരകളും ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറുമെന്ന് സിഐ ടി.വി.പ്രതീഷ് വ്യക്തമാക്കി.
ഫ്ലോർ മില്ലിലെ പങ്കാളിയായ ഷാജിയെയും സ്ഥാപനത്തിലെ ജീവനക്കാരിയെയും വധിക്കാൻ ശ്രമിച്ചതിനും, അനധികൃതമായി തോക്ക് കൈവശം വച്ചതിനും ജോസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ തോക്കുകൾ എവിടെനിന്നാണ് ലഭിച്ചതെന്ന കാര്യം പൊലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്.
സ്വയം വെടിയുതിർത്തു പരിക്കേറ്റ ജോസിന്റെ ശരീരത്തിൽ നിന്നു വെടിയുണ്ട വിദഗ്ധമായി നീക്കം ചെയ്തിട്ടുണ്ട്.
ഇയാൾ നിലവിൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് മില്ലിനോടു ചേർന്നുള്ള ജോസിന്റെ വസതിയിൽ വച്ച് ജോസും ഷാജിയും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായത്. തർക്കത്തിനിടയിൽ ജോസ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും, ഇതിൽ ഷാജിക്കും ജീവനക്കാരിയായ സ്ത്രീക്കും പരിക്കേൽക്കുകയും ചെയ്തു.
സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞ ഷാജി ഉടൻതന്നെ കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തി വിവരം ധരിപ്പിക്കുകയായിരുന്നു. ജീവനക്കാരിയും സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ജോസ് പിന്തുടർന്ന് പിടികൂടി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീടിനുള്ളിൽ തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് കണ്ണവം എസ്ഐ അനൂപ് കെ.ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ജോസിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസ് വീടിന്റെ പിൻവശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്താണ് ജീവനക്കാരിയെ സുരക്ഷിതമായി മോചിപ്പിച്ചത്.
ഇതിനിടയിലാണ് ജോസ് വീടിനുള്ളിലെ മുറിയിൽ കയറി സ്വയം വെടിയുതിർത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

