കൊച്ചി ബ്രഹ്മപുരത്ത് നവീന രൂപരേഖയുടെ അടിസ്ഥാനത്തിൽ തെരുവുനായ ഷെൽറ്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രാരംഘട്ട
പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് നിലവിൽ വകയിരുത്തിയിട്ടുള്ളത്. പദ്ധതിക്കായി ആവശ്യമാണെങ്കിൽ കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്നും കൂടുതൽ തുക അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
പദ്ധതിക്കായി നേരത്തെയുണ്ടായിരുന്ന നാല് ഏക്കർ ഭൂമിക്ക് പുറമെ ഒരേക്കർ കൂടി പുതുതായി ഏറ്റെടുത്തിട്ടുണ്ട്. ഈ അഞ്ച് ഏക്കർ വിസ്തൃതിയിലുള്ള പ്രദേശത്താണ് ഷെൽറ്റർ സജ്ജീകരിക്കുന്നത്.
ഇവിടത്തെ സമഗ്ര വികസനത്തിനായി കേന്ദ്ര സർക്കാരിന്റെ അർബൻ ചാലഞ്ച് പദ്ധതിയിലൂടെ 60 കോടി രൂപയുടെ ധനസഹായം തേടി കോർപ്പറേഷൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നേരത്തെ നാല് ഏക്കർ പരിധിയിലുണ്ടായിരുന്ന എബിസി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും നായ്ക്കളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കൂടുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ബിപിസിഎലിന്റെ ഒരു കോടി രൂപ ധനസഹായത്തോടെയാണ് പ്രാരംഘട്ട ജോലികൾ ആരംഭിച്ചത്.
നിലവിലുള്ള കേന്ദ്രത്തിൽ ഒരു മാസം നടത്തിയിരുന്ന 60 ശസ്ത്രക്രിയകൾ ഇപ്പോൾ 150 ആയി ഉയർത്തിയിട്ടുണ്ട്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണവും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പും നൽകിയ ശേഷം പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം നവംബറിലും ഈ വർഷം മേയ് മാസത്തിലും കർശന നിർദ്ദേശം നൽകിയിരുന്നു.
ജനകീയ പങ്കാളിത്തത്തോടെ പുതിയ ആപ്പ് തെരുവുനായ്ക്കളെ ദത്തെടുക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ അടുത്ത രണ്ടു മാസത്തിനുള്ളിൽ പുറത്തിറക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറെടുക്കുകയാണ്. നായ്ക്കളെ ദത്തെടുക്കാൻ താൽപ്പര്യമുള്ള വ്യക്തികൾക്ക് ജിയോ ടാഗ് ചെയ്ത ശേഷമായിരിക്കും ഇവയെ കൈമാറുക.
ഈ പ്രക്രിയ കർശനമായി നിരീക്ഷിക്കുകയും ചെയ്യും. നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നവർക്ക് പ്രതിദിനം ഭക്ഷണച്ചെലവായി 40 രൂപ അനുവദിക്കുന്നതും കോർപ്പറേഷന്റെ സജീവ പരിഗണനയിലുണ്ട്.
ഇതിനായി ആപ്പ് മുഖേന പൊതുജനങ്ങളിൽ നിന്നും മൃഗസ്നേഹികളിൽ നിന്നും ഫണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. തെരുവുനായ്ക്കളുടെ ദത്തെടുക്കലും പരിപാലനവുമായി ബന്ധപ്പെട്ട
പുതുക്കിയ ബൈലോയും ആപ്പും നവംബർ അവസാനത്തോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. രണ്ടിലധികം നായ്ക്കളെ വീടുകളിൽ വളർത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ലൈസൻസിങ് ചട്ടങ്ങൾ രൂപീകരിക്കുമെന്നും, ഇത് സംബന്ധിച്ച കാര്യങ്ങൾ അടുത്ത കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുമെന്നും കൊച്ചി കോർപ്പറേഷൻ മേയർ വി.കെ.
മിനിമോൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

