കൊല്ലം വാടിയിലെ ലേലഹാളിനോടു ചേർന്നുള്ള ലോക്കറിൽ നിന്ന് കോടികൾ വിലവരുന്ന തിമിംഗല ദഹനശിഷ്ടം (ആംബർഗ്രിസ്) പൊലീസ് കണ്ടെത്തി. 22 കോടിയിലേറെ രൂപ വിലമതിക്കുന്ന ആംബർഗ്രിസ് ഇവിടെ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പ്രദേശത്ത് നൂറുകണക്കിന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും തടിച്ചുകൂടി.
ഇത്രയും വലിയ ശേഖരം ഇവിടെ സൂക്ഷിച്ചിരുന്ന വിവരം പുറത്തുവന്നത് പ്രദേശവാസികളെ അമ്പരപ്പിച്ചു. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാടി കല്ലേലിവയൽ സിബിയോണിന്റെ ബോട്ടുകളുടെ എൻജിനുകളും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ബ്ലോക്ക് പി–പത്താം നമ്പർ മുറിയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവി എസ്.ഷാജിയുടെ നേതൃത്വത്തിൽ പള്ളിത്തോട്ടം, ഈസ്റ്റ് പൊലീസ് സംഘങ്ങളും ഡാൻസാഫ് ടീമും സ്ഥലത്തെത്തി മുറിയുടെ പൂട്ട് തകർത്താണ് അകത്തുകടന്നത്. മുറിക്കുള്ളിൽ വലകളും മറ്റ് ഉപകരണങ്ങളും കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തു വലിയ പ്ലാസ്റ്റിക് ചാക്കിൽ നാല് പൊതികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
ഉണങ്ങിയതും ഉണങ്ങാത്തതുമായ ബ്രൗൺ നിറത്തിലെ ആംബർഗ്രിസിന്റെ രണ്ടു പൊതികളും കറുത്ത നിറത്തിലുള്ളതിന്റെ രണ്ടു പൊതികളും പ്ലാസ്റ്റിക് കവറിലാണു സൂക്ഷിച്ചിരുന്നത്. ചാക്കിൽ നിന്ന് അവ എടുത്തപ്പോൾ തന്നെ മുറിക്കുള്ളിൽ സുഗന്ധം പടർന്നു.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയ തിമിംഗല ദഹനശിഷ്ടം അന്തിമ സ്ഥിരീകരണത്തിനായി വനം വകുപ്പിനു കൈമാറുമെന്നു പൊലീസ് അറിയിച്ചു. എണ്ണത്തിമിംഗലം എന്നറിയപ്പെടുന്ന സ്പേം തിമിംഗലങ്ങളുടെ വയറ്റിൽ രൂപപ്പെടുന്ന മെഴുകുപോലെയുള്ള ഖരവസ്തുവാണ് ആംബർഗ്രിസ്.
തിമിംഗലങ്ങൾ കഴിക്കുന്ന കണവ പോലുള്ള ജീവികളുടെ ദഹിക്കാത്ത ഭാഗങ്ങൾ സംരക്ഷിക്കാനായി കുടലിൽ ഉണ്ടാകുന്ന സ്രവമാണിത്. ഇതു പിന്നീടു വിസർജ്യത്തിലൂടെയോ ഛർദിയിലൂടെയോ തിമിംഗലം പുറത്തേക്കു തള്ളും.
സുഗന്ധ ദ്രവ്യങ്ങളുടെ മണം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന ‘ഫിക്സേറ്റിവ്’ ആയി ഇത് ഉപയോഗിക്കുന്നു. തലയ്ക്കുള്ളിൽ സ്പേർമാസെറ്റി എന്ന എണ്ണമയമുള്ള വസ്തു ധാരാളമായി കാണുന്നതിനാലാണ് ഇവ സ്പേം തിമിംഗലങ്ങൾ എന്നറിയപ്പെടുന്നത്.
തിമിംഗലങ്ങൾ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള സംരക്ഷിത ജീവികളായതിനാൽ ഇന്ത്യയിൽ ആംബർഗ്രിസ് കൈവശം വയ്ക്കുന്നതു കുറ്റകരമാണ്. ഉൾക്കടലിൽനിന്ന് അപൂർവമായാണു തിമിംഗല ദഹനശിഷ്ടം ലഭിക്കുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വലിയ യാനങ്ങളിൽ മത്സ്യബന്ധനം നടത്തുമ്പോഴാണ് ഇവ കാണുന്നത്. കടലിൽ കമ്പിളിനാരങ്ങയുടെ രൂപത്തിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണു ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

