കണ്ണൂർ: വൈദ്യശാസ്ത്ര രംഗത്ത് വലിയ മുന്നേറ്റമായി കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ്വ ശസ്ത്രക്രിയ വിജയം. 62 വയസ്സുള്ള രോഗിയുടെ വലത് വൃക്കയിലുണ്ടായിരുന്ന 6 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള കൂറ്റൻ വൃക്കക്കല്ല് ആണ് പൂർണ്ണമായും നീക്കം ചെയ്തത്.
ശരീരത്തിൽ മുറിവുകളോ ഡ്രെയിനേജ് ട്യൂബുകളോ ഇല്ലാതെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത് എന്നത് ചികിത്സാ രംഗത്തെ ശ്രദ്ധേയമായ നേട്ടമായി മാറി. ഏറ്റവും നൂതനമായ ഷീത്ത്ലെസ് ആർ ഐ ആർ എസ് (Sheathless RIRS – Zero Sheath procedure using advanced DISS system) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൃക്കയിലെ വലിയ ‘സ്റ്റാഗ്ഹോൺ’ കല്ല് വിജയകരമായി പുറത്തെടുത്തത്.
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലാണ് ഈ ചികിത്സാ വിജയം കൈവരിച്ചത്.
ഈ നൂതന രീതിയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ കല്ലുകളിൽ ഒന്നാണിത്. “ഇത്രയും വലിയൊരു സ്റ്റാഗ്ഹോൺ കല്ല് നീക്കം ചെയ്യാൻ സാധാരണയായി ശരീരത്തിൽ മുറിവുണ്ടാക്കുന്ന പി സി എൻ എൽ രീതിയാണ് ഉപയോഗിക്കാറുള്ളത്.
എന്നാൽ ഷീത്ത്ലെസ് രീതിയും ഡി ഐ എസ് എസ് സക്ഷൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ചതിലൂടെ മുറിവുകളോ ട്യൂബുകളോ ഇല്ലാതെ മൂത്രനാളത്തിലൂടെ തന്നെ കല്ല് പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചു. രോഗിക്ക് വളരെ വേഗത്തിൽ സുഖം പ്രാപിക്കാനും ഇതിലൂടെ കഴിഞ്ഞു,” എന്ന് ഡോ.
മുഹമ്മദ് സലീം വ്യക്തമാക്കി. സാധാരണയായി ഇത്രയും വലിപ്പമുള്ള വൃക്കക്കല്ലുകൾ നീക്കം ചെയ്യുന്നതിന് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ആവശ്യമായി വരാറുണ്ട്.
വൃക്കയുടെ പ്രധാന ഭാഗങ്ങളിലും ശാഖകളിലും പടർന്നുപന്തലിക്കുന്ന ഇത്തരം സ്റ്റാഗ്ഹോൺ കല്ലുകൾ മാറ്റാൻ ശരീരത്തിൽ മുറിവുണ്ടാക്കി ട്യൂബ് ഇടുന്ന പി സി എൻ എൽ (PCNL) ശസ്ത്രക്രിയയാണ് പതിവായി ചെയ്തുപോരുന്നത്. എന്നാൽ ഇത് പലപ്പോഴും രക്തസ്രാവത്തിനും രോഗിക്ക് ദീർഘനാളത്തെ വിശ്രമത്തിനും കാരണമാകാറുണ്ട്.
ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കിക്കൊണ്ട്, മൂത്രനാളത്തിന് പരിക്കേൽക്കാത്ത രീതിയിലുള്ള ഫ്ലെക്സിബിൾ യുറീറ്ററോസ്കോപ്പ് നേരിട്ട് ഉപയോഗിക്കുന്ന ‘ഷീത്ത്ലെസ് ആർ ഐ ആർ എസ്’ രീതിയാണ് ശസ്ത്രക്രിയ സംഘം തിരഞ്ഞെടുത്തത്. ഇതിനോടൊപ്പം ഡോ.
മുഹമ്മദ് സലീം വികസിപ്പിച്ചെടുത്ത ‘ഡി ഐ എസ് എസ്’ (DISS) സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി. ലേസർ ഉപയോഗിച്ച് കല്ലുകൾ പൊട്ടിക്കുമ്പോൾ തന്നെ മൂത്രനാളത്തിലൂടെ അവ പൂർണ്ണമായി ഊറ്റിയെടുക്കാൻ (suction) ഈ നൂതന രീതിയിലൂടെ സാധിച്ചു.
ഡോ. മുഹമ്മദ് സലിം മുൻകൈയെടുത്ത് ആഗോളതലത്തിൽ പരിചയപ്പെടുത്തിയ റേഡിയേഷനോ ട്യൂബുകളോ സ്റ്റെന്റുകളോ ഇല്ലാത്ത ‘ടോട്ടൽ എൻഡോലൂമിനൽ എൻഡോയുറോളജി’ (TEE) എന്ന ചികിത്സാ തത്വശാസ്ത്രത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

