നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അവധി ദിനങ്ങളിൽ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സന്ദർശകരുടെ വൻ പ്രവാഹം. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതും മതിയായ പാർക്കിങ് സൗകര്യങ്ങൾ ഇല്ലാത്തതും വിനോദസഞ്ചാരികളെ കടുത്ത ദുരിതത്തിലാക്കി.
രാവിലെ മുതൽ ആരംഭിച്ച സഞ്ചാരികളുടെ വരവ് വൈകുന്നേരമായപ്പോഴേക്കും രൂക്ഷമായി. പാർക്കിങ് ഗ്രൗണ്ടുകളിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന്, പ്രവേശന കവാടം മുതൽ വാഴച്ചാൽ വരെയും ചാലക്കുടി ഭാഗത്തേക്ക് കണ്ണൻകുഴി പാലം വരെയും നീളുന്ന ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരത്തിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വന്നു.
വൈകുന്നേരം പെയ്ത മഴയും തിരക്കും ചേർന്നതോടെ വിനോദസഞ്ചാര കേന്ദ്രത്തിലെ ജംക്ഷനിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. അവധി ദിവസങ്ങളിൽ അനുഭവപ്പെടുന്ന ഈ തിരക്ക് കൈകാര്യം ചെയ്യാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്നോ അധികൃതരുടെ ഭാഗത്തുനിന്നോ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നിലവിൽ വനസംരക്ഷണ സമിതി അംഗങ്ങളും വിവിധ വിദ്യാർഥി സംഘടനകളുമാണ് ഗതാഗത നിയന്ത്രണം പോലെയുള്ള കാര്യങ്ങളിൽ ഇടപെടുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട
ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ സ്ഥിരമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും സന്ദർശകർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

