കോഴിക്കോട് ജില്ലയിലെ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് എംഡിഎംഎ കേസിലെ രണ്ടാം പ്രതിക്ക് ക്രൂരമായ ആക്രമണത്തിൽ ഗുരുതര പരുക്ക്. പേരാമ്പ്ര ബിആർസിയിലെ മുൻ സ്പെഷൽ എജ്യുക്കേറ്ററായ കീർത്തനയാണ് ആക്രമണത്തിനിരയായത്.
ശനിയാഴ്ച രാവിലെ 10.10ഓടെയായിരുന്നു സംഭവം. കീർത്തനയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ പാലിക്കാനാണ് കീർത്തന വടകര പൊലീസിൽ എത്തിയത്. സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടയിൽ, പ്രധാന റോഡിലേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് കീർത്തനയുടെ ലിവിങ് ടുഗദർ പങ്കാളിയായ പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജിനീഷ് (38) പിന്നാലെ എത്തി ആക്രമിച്ചത്.
കറിക്കത്തി ഉപയോഗിച്ച് കഴുത്തിൽ ഉൾപ്പെടെ അഞ്ചിടത്താണ് കീർത്തനയ്ക്ക് കുത്തേറ്റത്. ആക്രമണത്തിനിടയിലും ബലപ്രയോഗത്തിനിടയിലും ഉപയോഗിച്ച കത്തി ഒടിഞ്ഞുപോയതായി പൊലീസ് വ്യക്തമാക്കി.
വലിയ നിലവിളി ശബ്ദം കേട്ട് സ്റ്റേഷനിൽ നിന്ന് ഉടനടി ഓടിയെത്തിയ പൊലീസുകാരാണ് പ്രതിയായ ജിനീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ എടുത്ത ശേഷവും ‘അവൾ ചത്തില്ലേ’ എന്ന് ജിനീഷ് പലതവണ ആവർത്തിച്ച് ചോദിച്ചതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവസമയം വനിതാ സെല്ലിൽ പരാതി നൽകാനെത്തിയവരും ഈ അപ്രതീക്ഷിത ആക്രമണത്തിന് സാക്ഷികളായി. തുടർന്ന് വടകര സർക്കിൾ ഇൻസ്പെക്ടർ എ.കെ.സജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരുക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന കീർത്തനയോടൊപ്പം രണ്ടു വർഷത്തോളമായി ബസ് ഡ്രൈവറായ ജിനീഷ് ഒപ്പമായിരുന്നു താമസം. എന്നാൽ എംഡിഎംഎ കേസിൽ കീർത്തന പിടിയിലായതിനു ശേഷവും ജയിലിലായപ്പോഴും ഇയാൾ തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് സൂചനയുണ്ട്.
ഈ മാസം ആദ്യം കീർത്തനയ്ക്ക് ജാമ്യം ലഭിച്ച ശേഷം സ്വർണാഭരണവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടയിൽ ജിനീഷിന്റെ താമസസ്ഥലത്ത് എത്തിയ ചില സംഘങ്ങൾ ഇയാളെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.
ഇതിൽ പ്രകോപിതനായാണ് ജിനീഷ് കീർത്തനയെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ സ്റ്റേഷനിൽ എത്തിയതെന്നാണ് പ്രഥമിക വിവരം. കുടുംബപ്രശ്നങ്ങളാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, പ്രമാദമായ എംഡിഎംഎ കേസിൽ കീർത്തനയിൽ നിന്ന് തുടരന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

