കൊച്ചി നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാർ അപകട കേസിൽ അന്വേഷണ സംഘം പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹയുടെ മൊഴി ഇന്നോ നാളെയോ രേഖപ്പെടുത്തിയേക്കും.
സുഹൈലിന്റെ പിറന്നാളിന് വാഹനം വാങ്ങി നൽകിയിട്ടുണ്ടെന്ന് നൂഹ സമൂഹമാധ്യമത്തിലൂടെ മുൻപ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്.
അതിനിടെ, ഇത്രയും ദുഷ്കരമായ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും കുറച്ചു സ്വകാര്യത നൽകണമെന്ന് അഭ്യർഥിച്ചുകൊണ്ട് നൂഹ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നു. “നഷ്ടപ്പെട്ടതു വിലപ്പെട്ട
3 ജീവനുകളാണ്. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല.
മരിച്ചവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കുമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും” നൂഹ വിഡിയോയിൽ വ്യക്തമാക്കി. ഒക്ടോബർ 11 നാണ് നാടിനെ ഞെട്ടിച്ച ഈ അപകടം ഉണ്ടായത്.
വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപമായിരുന്നു സംഭവം. സുഹൈൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക (22) എന്നിവരാണ് അപകടത്തിൽ ദാരുണമായി മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

