കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഓടിച്ച വാഹനത്തിന്റെ ആർ.സി ഉടമയായ അമ്മയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.
ഇതിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ നേരിൽ സന്ദർശിക്കും.
പാലക്കാട്, വയനാട് ജില്ലകളിലെത്തി കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നതിനുള്ള നടപടികൾ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
കൂടാതെ, പ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാറിച്ച് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടസമയത്ത് വാഹനം നിയന്ത്രിച്ചിരുന്ന സുഹൈൽ സജീവ്, ഒപ്പമുണ്ടായിരുന്ന യാത്രക്കാരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
സുഹൈൽ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് രക്തപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രതി വാഹനമോടിക്കുന്നത് തടയാൻ ഒപ്പമുണ്ടായിരുന്നവർ തയ്യാറായില്ലെന്നും ഇതിന് വ്യക്തമായ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അപകടത്തിലെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഇവന്റ് ഡാറ്റാ റെക്കോർഡറിന്റെ ശാസ്ത്രീയ പരിശോധന ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്നും കസ്റ്റഡിയും തെളിവെടുപ്പും പൂർത്തിയായതിനാൽ ജയിലിൽ അടയ്ക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവള റോഡിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. റോഡിന്റെ നിർമ്മാണവും ഡിസൈനും അപകടത്തിന് കാരണമായോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.
മോട്ടോർ വാഹന വകുപ്പ്, സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. റോഡിൽ വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും രാത്രിയിലും വാഹനങ്ങളുടെ നമ്പറുകൾ വ്യക്തമായി പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

