ന്യൂഡൽഹി: കോക്രോച്ച് ജനത പാര്ട്ടിയുടെ സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ഭരണപക്ഷത്തെയും പ്രതിരോധത്തിലാക്കി സമൂഹമാധ്യമങ്ങളിൽ പുതിയ രാഷ്ട്രീയ നീക്കം. ഇ 20 ജനതാ പാർട്ടി എന്ന പേരിൽ നവമാധ്യമങ്ങളിൽ പുതിയ അക്കൗണ്ട് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.
‘ഇ 20 ജനതാ പാർട്ടി 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ’ എന്നാണ് എക്സ് അക്കൗണ്ടിന്റെ ഔദ്യോഗിക ബയോയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ധനത്തിൽ എഥനോൾ ചേരുന്നതിനെതിരെ എതിർപ്പുമായി രംഗത്തുവന്നിട്ടുള്ള ഈ കൂട്ടായ്മ, രാജ്യത്ത് ശുദ്ധമായ പെട്രോൾ പൂർണ്ണമായി ലഭ്യമാക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. എന്നാൽ, നിലവിൽ രാജ്യവ്യാപകമായി ഉപയോഗിച്ചുവരുന്ന ഇ20 പെട്രോൾ അഥവാ 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
എഥനോൾ കലർത്താത്ത പഴയ ഇന്ധനരീതിയിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കൂടാതെ, 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്താൻ നിലവിൽ സർക്കാരിന് മറ്റ് പദ്ധതികളോ തീരുമാനങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുമെന്നും മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കേന്ദ്ര സർക്കാർ പൂർണ്ണമായും തള്ളിക്കളയുകയാണ്.
നീതി ആയോഗ് അടക്കമുള്ള വിവിധ ഔദ്യോഗിക ഏജൻസികളുടെ ലാബ് പരിശോധനകളിലും പ്രായോഗിക പഠനങ്ങളിലും ഇ20 ഇന്ധനം എഞ്ചിനുകൾക്ക് അസാധാരണമായ തകരാറുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമായിട്ടുള്ളതായി കേന്ദ്രം പറയുന്നു. രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ (പഴയ മോഡലുകൾ ഉൾപ്പെടെ) എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി ഇതുവരെ ഒറ്റ പരാതിയും ലഭിച്ചിട്ടില്ല.
പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കൾക്കും സമാനമായ അനുഭവമാണുള്ളത്. നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും ഇ15, ഇ20 പെട്രോളിൽ സുഗമമായി ഓടുന്നവയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

