ഇടുക്കി ജില്ലയിലെ കരിമണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ മാലിന്യം തള്ളിയതായി പരാതി ഉയർന്നു. പന്നൂർ സ്വദേശിനിയുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിലാണ് പ്ലാസ്റ്റിക് തുണികളും മറ്റ് പാഴ്വസ്തുക്കളും നിക്ഷേപിച്ചത്.
സമീപവാസിയാണ് ഈ കൃത്യം നിർവഹിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും, ഗൗരവമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം പരാതി ഒത്തുതീർപ്പാക്കാൻ അധികൃതർ ആവശ്യപ്പെടുകയാണെന്ന് കിണറിന്റെ ഉടമ ആരോപിക്കുന്നു.
കിണർ തേകി വൃത്തിയാക്കി നൽകാമെന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, കുടിവെള്ളം ബോധപൂർവ്വം മലിനമാക്കിയവർ കിണർ വൃത്തിയാക്കി നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഉടമയുടെ ആവശ്യം.
അല്ലാത്തപക്ഷം ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാൻ മറ്റുള്ളവർക്ക് ഇത് പ്രേരണയാകുമെന്നും അവർ വ്യക്തമാക്കുന്നു. ഇരുവിഭാഗങ്ങളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് കരിമണ്ണൂർ പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, വണ്ണപ്പുറം മാർ സ്ലീവ പള്ളിക്കും തഖ്വ പള്ളിക്കും ഇടയിലുള്ള ബൈപാസ് റോഡിൽ വൈദ്യുതത്തൂണിന് സമീപം വ്യാപകമായി മാലിന്യം തള്ളുന്നതായും പരാതിയുണ്ട്. ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ ചിലർ മറഞ്ഞിരുന്ന് മദ്യപിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
മേഖലയിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തത് സാമൂഹികവിരുദ്ധരുടെ ശല്യം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വിഷയത്തിൽ ഒട്ടേറെ തവണ അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ആയതിനാൽ രാത്രികാലങ്ങളിൽ ഈ റൂട്ടിൽ ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

