കളമശേരി ഇടപ്പള്ളി ടോളിൽ നിന്ന് മോഷണം പോയ എം.ബി. പ്രകാശന്റെ (പ്രകാശൻ ചേട്ടൻ) പ്രിയപ്പെട്ട
സൈക്കിൾ തിരികെ നൽകുന്നവർക്ക് വൻ പ്രഖ്യാപനവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്ത്. സൈക്കിൾ തിരികെ ഏൽപിക്കുന്ന മോഷ്ടാവിന് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും, മോഷ്ടാവ് മനസ്സ് തിരിഞ്ഞ് അപരാധങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായാൽ ജീവിക്കാൻ നല്ലൊരു ജോലി നൽകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
തന്റെ ഔദ്യോഗിക ഫോൺ നമ്പരായ 7994811116 എന്ന നമ്പറിൽ ബന്ധപ്പെട്ട് മോഷ്ടാവിന് നേരിട്ട് സൈക്കിൾ കൈമാറാം എന്നും, ഈ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും ബോച്ചെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പ്രകാശൻ ചേട്ടന് പാരമ്പര്യമായി ലഭിച്ച ഏകദേശം 70 വർഷത്തോളം പഴക്കമുള്ള റാലി സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അദ്ദേഹം ഈ സവിശേഷ വാഗ്ദാനവുമായി മുന്നോട്ട് വന്നത്.
ബോബി ചെമ്മണ്ണൂരിന്റെ ഈ പ്രഖ്യാപനത്തിൽ അതീവ സന്തോഷമുണ്ടെന്ന് പ്രകാശൻ പ്രതികരിച്ചു. ബുധനാഴ്ച വൈകിട്ടാണ് സൈക്കിൾ നഷ്ടപ്പെട്ടത്.
‘പ്രിയപ്പെട്ട കള്ളാ….
സൈക്കിൾ തിരിച്ചു തരൂ, അതെന്റെ ജീവനാണ്’ എന്ന് വേദനയോടെയാണ് 80കാരനായ പ്രകാശൻ ചേട്ടൻ പ്രതികരിക്കുന്നത്. നഷ്ടപ്പെട്ടത് വെറുമൊരു വാഹനമല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ ഏഴു പതിറ്റാണ്ടുകാലത്തെ ഓർമ്മകളാണെന്ന് അദ്ദേഹം പറയുന്നു.
ഇടപ്പള്ളി ടോളിലെ കടയ്ക്ക് മുന്നിൽ വെച്ചാണ് ബുധനാഴ്ച രാത്രി സൈക്കിൾ നഷ്ടപ്പെട്ടത്. തന്റെ പത്താം വയസ്സിൽ അച്ഛൻ എം.ആർ.
ബാലകൃഷ്ണൻ സമ്മാനിച്ചതാണ് ഈ റാലി സൈക്കിൾ. പ്രീമിയർ ടയേഴ്സിലെ ജീവനക്കാരനായിരുന്ന പിതാവ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനം പിന്നീട് പ്രകാശന് കൈമാറുകയായിരുന്നു.
മരിക്കുന്നതിനു മുൻപ് പിതാവ് പ്രകാശനോട് ആവശ്യപ്പെട്ടത് സൈക്കിൾ നശിപ്പിക്കുകയോ ആർക്കും വിൽക്കുകയോ ചെയ്യരുതെന്നായിരുന്നു. ആ വാക്ക് അവസാനത്തോളം പാലിച്ച പ്രകാശന്റെ സന്തതസഹചാരിയായിരുന്നു ഈ വാഹനം.
കടയിൽ പോകുന്നതിനും അമ്പലദർശത്തിനുമെല്ലാം ഈ സൈക്കിൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. 70 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ഈ സൈക്കിൾ യാത്രയിൽ അപകടത്തിൽപെട്ടത്.
ഈ സൈക്കിളുമൊത്ത് അദ്ദേഹം കൊച്ചി മെട്രോയിലും യാത്ര ചെയ്തിട്ടുണ്ട്. പിതാവിന്റെ ചരമവാർഷികത്തിന്റെ തലേദിവസം തന്നെ സൈക്കിൾ മോഷണം പോയത് പ്രകാശന് താങ്ങാനാവാത്ത ദുഃഖമായി മാറി.
സൈക്കിൾ തന്റെ പേരക്കുട്ടിക്ക് കൈമാറണമെന്ന ആഗ്രഹമാണ് ഇതോടെ ഇല്ലാതായത്. സംഭവത്തിൽ കളമശേരി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സൈക്കിൾ വട്ടേക്കുന്നം ഭാഗത്തേക്കാണ് കൊണ്ടുപോയതെന്ന প্রাথমিক സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

