ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തേഴുകാരനെ കൊലപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ പ്രതികളായ മൂന്ന് ആൺകുട്ടികളുടെ തെളിവെടുപ്പ് നടപടികൾ കർശന രഹസ്യസ്വഭാവത്തോടെ പൊലീസ് പൂർത്തിയാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുത്തി ഇത്തരത്തിലൊരു തെളിവെടുപ്പ് നടക്കുന്നത് ഇതാദ്യമാണെന്നാണ് നിയമരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
കോടതി നിർദേശപ്രകാരം കുട്ടികളെ ഒന്നിച്ച് കൊണ്ടുപോകാൻ പാടില്ലാത്തതിനാൽ, തെളിവെടുപ്പ് നടപടികൾ മൂന്ന് ദിവസങ്ങളിലായിട്ടാണ് ക്രമീകരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നടപടികൾ പൂർത്തിയായത്.
കൊലപാതകം നടന്ന വാടകവീട്, പ്രതികൾ സംഭവദിനത്തിൽ എത്തിയതായി പറയപ്പെടുന്ന ഹരിപ്പാട്, പരവൂർ റെയിൽവേ സ്റ്റേഷനുകൾ, ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പ്രദേശത്തെ രണ്ട് ഹോട്ടലുകൾ, കൂടാതെ പ്രതികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് സംഘം തെളിവെടുപ്പിനായി എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവദിവസം ഇവർ കയ്യുറകൾ വാങ്ങിയ കട
പൊലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം ഉപേക്ഷിച്ച നിലയിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊന്തക്കാട്ടിൽ നിന്നും കയ്യുറകൾ വീണ്ടെടുത്തു.
അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങൾ പ്രതികളുടെ വീടുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിൽ നിന്നും കവർന്ന സ്വർണാഭരണങ്ങളും പെർഫ്യൂം കുപ്പിയും ഇതോടൊപ്പം പൊലീസ് കണ്ടെടുത്തു.
അതേസമയം, കേസിൽ ഉൾപ്പെട്ട പതിമൂന്നുകാരിയായ പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി തേടിയിട്ടുണ്ട്.
ഈ അപേക്ഷ വരുന്ന ഇരുപത്തിയാറാം തീയതി ബോർഡ് പരിഗണിക്കും. ഹൈക്കോടതിയുടെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ, ജില്ലാ പ്രബേഷനറി ഓഫിസറുടെയും ശിശുസംരക്ഷണ ഓഫിസറുടെയും സാന്നിധ്യത്തിലായിരുന്നു അതീവരഹസ്യമായ തെളിവെടുപ്പ്.
ഇതിനായി ഔദ്യോഗിക വാഹനങ്ങളോ പൊലീസ് ജീപ്പുകളോ ഉപയോഗിച്ചിരുന്നില്ല. കൂടാതെ പൊലീസുകാർ യൂണിഫോം ഒഴിവാക്കിയാണ് എത്തിയത്.
പ്രായപൂർത്തിയാകാത്തവരെ തെളിവെടുപ്പിന് കൊണ്ടുപോകാൻ സാധാരണയായി ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകാറില്ല. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രതികളെല്ലാം കുട്ടികളാണെന്ന യാഥാർത്ഥ്യവും പരിഗണിച്ച് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഈ മാസം ഏഴിന് തെളിവെടുപ്പിന് അനുമതി നൽകുകയായിരുന്നു.
ഈ നടപടിയെ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞതോടെയാണ് തെളിവെടുപ്പ് നടപടികൾക്ക് വഴിതെളിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

