കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബയോപ്സി പരിശോധനാ ഫലം വൈകുന്നതു രോഗികളെ ദുരിതത്തിലാക്കുന്നു. മൂന്നു ആഴ്ച വരെയാണ് റിപ്പോർട്ടുകൾ ലഭിക്കാൻ താമസമെടുക്കുന്നത്.
കൃത്യസമയത്ത് പരിശോധനാ ഫലം ലഭിക്കാത്തത് കാൻസർ രോഗികളുടെ തുടർചികിത്സയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. രോഗബാധ സംശയിക്കുന്നവരുടെ ശസ്ത്രക്രിയയ്ക്കു ശേഷം തുടർചികിത്സ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ എടുക്കേണ്ട
സമയത്താണ് ഈ കാലതാമസം നേരിടുന്നത്. പതോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ രൂക്ഷമായ ക്ഷാമമാണ് ഈ പ്രതിസന്ധിക്കു പ്രധാന കാരണം.
ഈ വിഭാഗത്തിൽ 5 സീനിയർ ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ 3 പേർ മാത്രമാണുള്ളത്. രണ്ട് പ്രഫസർ തസ്തികകളിൽ ഒരാൾ വിരമിച്ചതും മറ്റൊരു തസ്തിക കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയതും സ്ഥിതി കൂടുതൽ വഷളാക്കി.
പ്രതിവർഷം ഏകദേശം 20,000 ബയോപ്സി സാംപിളുകളാണ് പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്നത്. ഓങ്കോളജി, ഗ്യാസ്ട്രോ എന്ററോളജി, ജനറൽ സർജറി, ന്യൂറോ സർജറി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിന്നാണ് ഇവിടെ നിരന്തരം സാംപിളുകൾ എത്താറുള്ളത്.
ഇതിനു പുറമെ ഹീമോഫീലിയ പരിശോധനകളും മജ്ജ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട പുതിയ ചുമതലകളും ഈ വിഭാഗത്തിനു കീഴിൽ വരുന്നുണ്ട്.
പ്രവർത്തന ഭാരം അത്യധികമായി വർധിക്കുകയും ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തതുമൂലം സമയബന്ധിതമായി റിപ്പോർട്ടുകൾ നൽകാൻ കഴിയുന്നില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. റിപ്പോർട്ടിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നത് രോഗികളുടെ ജീവനെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

