ഭർത്താവിനേക്കാൾ വരുമാനമുള്ള സ്ത്രീക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിമാസം ഒരുലക്ഷം രൂപ ഇടക്കാല ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്.
ജസ്റ്റിസ് ഭാരതി ഡാംഗ്രേ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ വിധി. 2011 മുതൽ ന്യൂജേഴ്സിയിൽ താമസിക്കുന്ന യുവതിയ്ക്ക് പ്രതിമാസം ഏകദേശം 8 ലക്ഷം രൂപ വരുമാനമുണ്ട്.
ഈ തുക ഭർത്താവിന്റെ വരുമാനത്തെക്കാൾ കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു. വിദേശത്ത് ജീവിതച്ചെലവ് കൂടുതലാണെന്ന ഒറ്റക്കാര്യം മാത്രം ചൂണ്ടിക്കാണിച്ച് ഇടക്കാല ജീവനാംശം നൽകാൻ ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഐടി സെക്ടറിലാണ് യുവതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. കൂടാതെ, ആർട്ടിഫിഷൽ ഇന്റലിജന്‍സ് കടന്നുവരുന്ന സാഹചര്യം ഭർത്താവിന്റെ ജോലിയെ ഭാവിയിൽ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.
നിലവിൽ മൂത്ത കുട്ടി പിതാവിന്റെ സംരക്ഷണത്തിലും ഇളയ കുട്ടി അമ്മയുടെ സംരക്ഷണത്തിലുമാണ് കഴിയുന്നത്. ഇടക്കാല ജീവനാംശം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ അപേക്ഷ കുടുംബകോടതി നേരത്തെയും തള്ളിയിരുന്നു.
എങ്കിലും, കേസിന്റെ ചെലവിലേക്ക് 25,000 രൂപ നൽകണമെന്ന് കുടുംബ കോടതി നിർദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

