തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ അന്തരിച്ചു. പള്ളിക്കൽ വടക്കേപള്ളിക്ക് സമീപം മോഹന വിലാസത്തിൽ മോഹനൻ പിള്ള (66) ആണ് മരണമടഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കൽ പോരേടം റോഡിലായിരുന്നു സംഭവം. സ്കൂട്ടിയിൽ എത്തിയ മോഹനൻ പിള്ള വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്ത ശേഷം എതിർവശത്തുള്ള കടയിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പള്ളിക്കൽ ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ ബൈക്ക് അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
തുടർന്ന് തീവ്രപരിചരണത്തിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന നിലമേൽ സ്വദേശികൾക്കും പരിക്കേറ്റിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മോഹനന്റെ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

