യുക്രെയ്നിനെതിരെയുള്ള യുദ്ധമുഖത്ത് 47 രാജ്യങ്ങളിലെ പൗരന്മാരെ റഷ്യൻ ഭരണകൂടം ഉപയോഗിച്ചിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വെളിപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.
ഇന്ത്യ, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്വെ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് യുദ്ധത്തിനായി റഷ്യ നിയോഗിച്ചിട്ടുള്ളത്. ‘നിങ്ങളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ അനുവദിക്കരുത്’ എന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളോട് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ യൂറോപ്പിനോടല്ല, മറിച്ച് റഷ്യയുടെ ക്രൂരമായ പ്രചാരണ തന്ത്രങ്ങൾക്ക് ഇരയാക്കപ്പെടാൻ സാധ്യതയുള്ള ജനങ്ങളുള്ള രാജ്യങ്ങളോടാണ് സംസാരിക്കാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തര കൊറിയയിൽ നിന്നും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുമുള്ളവർ യുദ്ധത്തടവുകാരായി യുക്രെയ്നിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വഞ്ചനയിലൂടെയും തട്ടിപ്പിലൂടെയുമാണ് ഈ 47 രാജ്യങ്ങളിൽ നിന്നുള്ളവർ റഷ്യയിൽ എത്തിപ്പെടുന്നത്. യുദ്ധത്തിൽ കൊല്ലപ്പെടുന്ന റഷ്യക്കാരല്ലാത്ത വിദേശികളുടെ കണക്കുകൾ പുറത്തുവരുന്നുണ്ട്.
സ്വന്തം പൗരന്മാരെ സുരക്ഷിതരായി സംരക്ഷിക്കണമെന്നും മറ്റൊരു മുന്നണിയിലേക്ക് അവരെ പോകാൻ അനുവദിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഷ്യയുടെ പ്രതിസന്ധികൾക്കും നാണക്കേടുകൾക്കും പരിഹാരം കാണാൻ മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ ജീവൻ വിലയായി നൽകാൻ ഇടവരുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
യുക്രെയ്നെ പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങൾ പരിമിതപ്പെടുത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, ഇന്ത്യൻ പൗരന്മാരെ റഷ്യൻ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിഷയം ഇന്ത്യയും റഷ്യയും തമ്മിലുള്ള വിവിധ തലങ്ങളിൽ പലതവണ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ 227 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഇതിനോടകം 139 ഇന്ത്യക്കാരെ റഷ്യ തിരികെ അയച്ചിട്ടുണ്ട്.
എന്നാൽ നിർഭാഗ്യവശാൽ ഇതുവരെ 51 ഇന്ത്യക്കാർ യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

