കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. സംഭവത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞിനും സ്ത്രീകൾക്കുമുൾപ്പെടെ പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഈ അപൂർവ്വവും ഞെട്ടിക്കുന്നതുമായ സംഭവം അരങ്ങേറിയത്. ശബരിമല ദർശനം കഴിഞ്ഞ് ഭക്തർ സഞ്ചരിച്ചിരുന്ന കാറിൽ മദ്യപസംഘത്തിന്റെ വാഹനം തട്ടുകയായിരുന്നു.
ഇതിനെത്തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കടുത്ത മദ്യലഹരിയിലായിരുന്ന നാലംഗ സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തിന് നേരെ തിരിയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.
ചെറിയ കുട്ടിയെ ഉൾപ്പെടെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയ വഴിയാത്രക്കാരെയും ഈ സംഘം വെറുതെവിട്ടില്ല. യുവാക്കളുടെ അതിക്രമം ചോദ്യം ചെയ്ത നാട്ടുകാരെയും സംഘം ആക്രമിക്കുകയാണുണ്ടായത്.
തുടർന്ന് സമീപവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അക്രമിളായ യുവാക്കളെ കസ്റ്റഡിയിൽ എടുത്തു.
തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവർ പൊലീസിന് നേരെ ആക്രോശിക്കുകയും കടുത്ത വെല്ലുവിളികൾ ഉയർത്തുകയും ചെയ്തുവെന്നാണ് വിവരം. യുവാക്കൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഇവർ സഞ്ചരിച്ച വാഹനത്തിനുള്ളിൽ നിന്നും നിരവധി മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

