നഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി രംഗത്ത്. കർണാടകയിലെ കോൺഗ്രസ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് കോൺഗ്രസ് സർക്കാരിന്റെ പുതിയ പദ്ധതിക്കെതിരേ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്.
വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഔദ്യോഗികമായി കത്തും നൽകിയിട്ടുണ്ട്.
ബെംഗളൂരുവിലെ റെസിഡൻഷ്യൽ മേഖലകളിൽ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്ന ജനങ്ങളിൽനിന്ന് ഫീസ് ഈടാക്കാനാണ് സർക്കാർ പ്രാഥമികമായി ആലോചിച്ചിരുന്നത്. ഇതനുസരിച്ച് വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് എന്ന പേരിൽ ഒരുവർഷം 25,000 രൂപ വരെ ഈടാക്കാനായിരുന്നു നിർദേശം.
ഹാച്ച് ബാക്ക് കാറുകൾക്ക് ഒരുവർഷം 15,000 രൂപയും സെഡാനുകൾക്ക് ഒരുവർഷം 20,000 രൂപയും എസ്.യു.വികൾക്ക് ഒരുവർഷം 25,000 രൂപയും പാർക്കിങ് ഫീസായി ഈടാക്കണമെന്നായിരുന്നു നിർദേശത്തിൽ ഉണ്ടായിരുന്നത്. നഗരത്തിലെ അനധികൃത പാർക്കിങ്ങും റോഡുകൾ കൈയേറി ദീർഘനാളത്തേക്ക് പലരും വാഹനം നിർത്തിയിടുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം ആരംഭിച്ചത്.
ഇതിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരുപരിധി വരെ കുറയ്ക്കാനാകുമെന്നും സർക്കാർ കണക്കുകൂട്ടിയിരുന്നു. എങ്കിലും, പാർക്കിങ് ഫീസ് ഈടാക്കാനുള്ള പുതിയ നിർദേശം നഗരത്തിൽ താമസിക്കുന്ന മധ്യവർഗ കുടുംബങ്ങൾക്ക് വലിയ തോതിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ ശക്തമായ അഭിപ്രായം.
നഗരത്തിലെ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ അനധികൃത പാർക്കിങ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാൽ, ഇതിനായി വാർഷിക ഫീസ് ഏർപ്പെടുത്തുന്ന രീതി മധ്യവർഗക്കാരെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
നഗരത്തിലെ പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരാണ് സാധാരണയായി കെട്ടിടത്തിന് മുന്നിലെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. ഇവർക്കൊന്നും പഴയ കെട്ടിടങ്ങളിൽ വാഹനങ്ങൾക്കായി കൃത്യമായ പാർക്കിങ് സൗകര്യങ്ങൾ ലഭ്യവുമല്ല.
അത്യാവശ്യം പുരയിടവും കൂടുതൽ സ്ഥലവുമുള്ള വീട്ടുകാർക്ക് സ്വന്തം സ്ഥലങ്ങളിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ, നഗരത്തിൽ മിക്ക മധ്യവർഗ കുടുംബങ്ങളും താമസിക്കുന്നത് അപ്പാർട്ട്മെന്റുകളിലും പഴയ കെട്ടിടങ്ങളിലുമാണ്.
ഇവിടങ്ങളിൽ പാർക്കിങ് സൗകര്യം വളരെ പരിമിതമാണ്. ഇവരിൽനിന്ന് വാർഷിക പാർക്കിങ് ഫീസ് കൂടി ഈടാക്കുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ നിർദേശം നടപ്പിലാക്കുമ്പോൾ താമസസ്ഥലത്ത് പാർക്കിങ് സൗകര്യമില്ലാത്തവരെ അതിൽനിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വാർഷിക ഫീസ് നടപ്പിലാക്കുന്നതിനു മുൻപ് ബെംഗളൂരുവിലെ ജനപ്രതിനിധികളുമായും വിവിധ റെസിഡൻസ് അസോസിയേഷനുകളുമായും വിശദമായ ചർച്ച നടത്തണമെന്നും അതിനുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

