നിലവിലെ ജാതി സെൻസസ് നടപടികൾ വെറുമൊരു കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് നേതൃത്വം കത്തയച്ചു. ജാതി സെൻസസ് ചോദ്യാവലി പൂർണ്ണമായി റദ്ദാക്കണമെന്നും, രാഷ്ട്രീയ പാർട്ടികളുമായും വിദഗ്ധരുമായും ചർച്ച നടത്തി പുതിയൊരു ഫോർമാറ്റ് രൂപീകരിക്കണമെന്നുമാണ് പ്രധാന ആവശ്യം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ സംയുക്തമായാണ് ഈ നിർണായക കത്ത് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഹിന്ദി ഭാഷയിൽ തയാറാക്കിയ ഈ കത്തിന്റെ പൂർണ്ണ വിവരങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്ക് അയക്കുന്ന മൂന്നാമത്തെ കത്താണിത്. എന്നാൽ മുൻപ് അയച്ച രണ്ട് കത്തുകൾക്കും പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
വ്യക്തികൾ രേഖപ്പെടുത്തുന്ന ജാതിപ്പേര് യാതൊരു മാറ്റവുമില്ലാതെ അതേപടി സ്വീകരിക്കുന്ന ഓപ്പൺ-എൻഡഡ് രീതിയാണ് സർക്കാർ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ശൈലി കടുത്ത തെറ്റിദ്ധാരണകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രധാന വിമർശനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ ജാതി തന്നെ വ്യത്യസ്ത പേരുകളിലും പ്രാദേശിക വകഭേദങ്ങളിലും ഉപജാതികളിലും അറിയപ്പെടുന്നുണ്ട്. ഓരോരുത്തരും വെവ്വേറെ പേരുകൾ നൽകുന്നതോടെ, ഒരേ ജാതി തന്നെ ആയിരക്കണക്കിന് വ്യത്യസ്ത പേരുകളായി വഴിപിരിയും.
ലക്ഷക്കണക്കിന് ജാതിപ്പേരുകൾ മാത്രമുള്ള ഒരു വലിയ പട്ടി മാത്രമായിരിക്കും ഇതിലൂടെ ഒടുവിൽ ലഭിക്കുക. ഇത് മൊത്തത്തിലുള്ള സെൻസസ് ഡേറ്റയുടെ കൃത്യതയെ ഗുരുതരമായി ബാധിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
കൂടാതെ, സെൻസസ് ചോദ്യാവലിയിൽ പിന്നാക്ക വിഭാഗം എന്ന പദം ഉൾപ്പെടുത്താത്തതിനാൽ രാജ്യത്തെ ഒബിസി ജനസംഖ്യ കൃത്യമായി കണ്ടെത്താൻ നിലവിലെ ഫോർമാറ്റിലൂടെ സാധിക്കില്ല. ആകെ ചോദ്യാവലിയിലെ 40 ചോദ്യങ്ങളിൽ പത്താമത്തെ ചോദ്യമായാണ് ജാതി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത് വിവരങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നാണ് ജയറാം രമേശ് ആരോപിക്കുന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വിവരശേഖരണത്തിന് അവലംബിക്കുന്നത് പോലെ, ജാതികൾ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു നിശ്ചിത ഡ്രോപ്ഡൗൺ ലിസ്റ്റ് ഇതിനായി തയാറാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം.
തെലങ്കാന (2024), ബിഹാർ (2022) എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം വിജയകരമായി നടപ്പിലാക്കിയ ജാതി സർവേകളുടെ മാതൃക കേന്ദ്ര സർക്കാർ മാതൃകയാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ ജാതി പട്ടികകളുടെ പകർപ്പുകളും കത്തിനൊപ്പം പ്രധാനമന്ത്രിക്ക് അയച്ചുനൽകിയിട്ടുണ്ട്.
കൃത്യമായ ജാതി വിവരങ്ങൾ കൈവശമില്ലാതെ രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കഴിയില്ലെന്നും, നിലവിലെ ഈ അപൂർണ്ണമായ രീതി പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ ക്ഷേമപദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കത്തിലൂടെ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

