പിലാത്തറ– പഴയങ്ങാടി കെഎസ്ടിപി റോഡിൽ മണ്ടൂർപള്ളിക്ക് സമീപം നടന്ന ദാരുണമായ വാഹനപകടത്തിന്റെ ഞെട്ടലിലാണ് നാട്. കെഎസ്ടിപി റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി നന്നാക്കുകയായിരുന്ന എബിനേസർ ആന്റോയ്ക്കും ഷിബിലിനും ചായ വാങ്ങിക്കൊണ്ടുവന്നതായിരുന്നു ലോറി ഉടമ സുബൈർ കാലിക്കടവ്.
ചായ കുടിക്കാൻ വിളിച്ചപ്പോൾ അഞ്ച് മിനിറ്റ് കഴിഞ്ഞു വരാമെന്നാണ് ഇരുവരും മറുപടി നൽകിയത്. എന്നാൽ ആ അഞ്ച് മിനിറ്റിനിടെ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷകളാണ്.
മാവുങ്കാൽ മൂലക്കണ്ടം കൃപാലയത്തിലെ വി.പി.വിനോദിനിയുടെ ഏകമകനാണ് അപകടത്തിൽ മരിച്ച എബിനേസർ. സഹപ്രവർത്തകനായ ഷിബിൽ ആകട്ടെ, ഇക്കൂരത്ത് വളപ്പിൽ അബ്ദുൽ ലത്തീഫ്–സജിറ ദമ്പതികളുടെ കുടുംബത്തിന്റെ ഏകപ്രതീക്ഷയുമായിരുന്നു.
സുബൈർ ചായയുമായെത്തി രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു വൻ ദുരന്തം സംഭവിച്ചത്. മഴ പെയ്തതിനാൽ ഈ സമയം സുബൈറും കാർ ഡ്രൈവറും ലോറിയുടെ പിറകിൽ നിർത്തിയിട്ട
കാറിൽ കയറിയിരുന്നു. സിമന്റ് ബൾക്കർ ലോറി ഇടിച്ചതിനെത്തുടർന്ന്, മരത്തടി കയറ്റിയ ലോറി നിരങ്ങിയെത്തി ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു.
കാർ തിരിഞ്ഞെങ്കിലും ഇരുവർക്കും പരുക്കേറ്റില്ല. ഉടൻ തന്നെ ഇവർ പുറത്തിറങ്ങി.
എന്നാൽ, അപ്പോഴേക്കും ലോറികളിൽ തീപടർന്നതിനാൽ അടുത്തേക്കു പോകാൻ സാധിച്ചില്ലെന്ന് സുബൈർ വ്യക്തമാക്കി. വൻശബ്ദം കേട്ട് ആദ്യമെത്തിയത് പള്ളിയുടെ മുൻവശത്ത് താമസിക്കുന്ന അൽ അമീൻ ആണ്.
ലോറിയുടെ മുൻവശം കത്തുന്നതും വൈദ്യുതക്കമ്പി പൊട്ടിവീണതും കണ്ട് അദ്ദേഹം ഉടൻ തന്നെ അഗ്നിരക്ഷാസേനയെയും പരിയാരം പൊലീസിനെയും വിവരമറിയിച്ചു. അപ്പോഴേക്കും നാട്ടുകാരും സ്ഥലത്തെത്തി.
റോഡിലേക്ക് തെറിച്ചുവീണ എബിനേസറിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ കാബിനിൽ കുടുങ്ങിയ ഷിബിനിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല.
അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുമ്പോഴേക്കും മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞിരുന്നു. പരിയാരം പൊലീസും കെഎസ്ഇബി ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മണ്ടൂരിലെ അപകടവളവ് നിരന്തരം ജീവനെടുക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മണ്ടൂർപള്ളിക്ക് സമീപത്തെ റോഡ് വളവോടുകൂടിയ ചെറിയ ഇറക്കമായതാണ് ഇവിടെ പതിവായി വാഹനാപകടങ്ങൾക്ക് കാരണമാകുന്നത്.
2017 നവംബർ 4ന് വൈകിട്ട് നിർത്തിയിട്ട ബസിൽ മറ്റൊരു ബസ് ഇടിച്ച് അഞ്ച് പേർ ഇവിടെ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞവർഷം ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കളുടെ ജീവനും പൊലിഞ്ഞു. ലോറിയിടിച്ച് നാല് മാസം മുൻപും ഒരാൾ ഇവിടെ മരിച്ചിരുന്നു.
തുടർച്ചയായ അപകടങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് അപകടവളവ് ബോർഡും ബ്ലാക്ക് സ്പോട്ട് മുന്നറിയിപ്പുകളും സ്ഥാപിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്. വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി റോഡിന്റെ ഇരുവശത്തും റംബിൾ സ്ട്രിപ്പുകളോ തെർമോപ്ലാസ്റ്റിക് ലൈനോ സ്ഥാപിക്കണം.
കൂടാതെ, ഇവിടത്തെ അപകടങ്ങൾ ശാശ്വതമായി ഇല്ലാതാക്കാൻ ഈ വളവ് നികത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

