ചോറ്റാനിക്കരയിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറം സ്നേഹത്തിന്റെയും മനുഷ്യബന്ധത്തിന്റെയും മാതൃക തീർത്ത് ഒരു വൈദിക കുടുംബം. കാൽ നൂറ്റാണ്ടിലേറെക്കാലം കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തി.
ഓർത്തഡോക്സ് സഭാ വൈദികൻ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ.ജെ.
ജേക്കബ് ആണ് മാതൃകാപരമായ ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ജോലിക്കാരിയായെത്തി പിന്നീട് കുടുംബത്തിലെ ഒരംഗമായി മാറിയ പാർവതി (പായമ്മ – 88) യുടെ സംസ്കാരച്ചടങ്ങുകളാണ് അമ്പാടിമല ഓണശ്ശേരിൽ വീട്ടിൽ നടന്നത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരണപ്പെട്ടതിനെ തുടർന്ന്, 6 വയസ്സുകാരിയായ മകൾ മെറിനെ നോക്കാനാണ് 2000-ൽ ഇരുമ്പനം സ്വദേശിയായ പാർവതി ഈ വീട്ടിലെത്തുന്നത്. അടുത്ത ബന്ധുക്കൾ ആരും ഇല്ലാതിരുന്ന പാർവതി വളരെ പെട്ടെന്ന് തന്നെ കുടുംബത്തിന്റെ ഭാഗമായി മാറി.
വീട്ടിലെ മുതിർന്ന അംഗത്തെപ്പോലെയാണ് ഫാ. ജേക്കബും മകളും പായമ്മയെ കണ്ടിരുന്നത്.
വീട്ടിലെ കാര്യങ്ങൾ ഒരു കുടുംബനാഥയെപ്പോലെ നോക്കിനടത്തിയിരുന്നതു പായമ്മയായിരുന്നു. 9 വർഷം മുൻപ് മെറിന്റെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ അച്ചനും പായമ്മയും മാത്രമായി ചുരുങ്ങി.
വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മുൻപുവരെ വീട്ടുകാര്യങ്ങളിൽ സജീവമായിരുന്ന പായമ്മ പെട്ടെന്നാണ് അവശയായി മാറിയത്. തുടർന്ന് ഞായറാഴ്ച രാത്രി ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
രാത്രി തന്നെ മൃതദേഹം ഫാ. ജേക്കബ് പൊതുദർശനത്തിനായി വീട്ടിലെത്തിച്ചു.
ഹൈന്ദവ ആചാരപ്രകാരം കർമങ്ങൾ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തതും വൈദികനും ബന്ധുക്കളുമാണ്. പാർവതിയുടെ ബന്ധുവായ സജീവ് അന്ത്യകർമങ്ങൾ നടത്തിയശേഷം എരുവേലി ശ്മശാനത്തിൽ സംസ്കാരം പൂർത്തിയായി.
കടുംഗമംഗലം പള്ളി വികാരി ഫാ. സെബു പോൾ വെണ്ട്രപ്പിള്ളിലിന്റെ നേതൃത്വത്തിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള പ്രത്യേക പ്രാർഥനകളും നടത്തിയാണ് ഓണശ്ശേരിൽ കുടുംബം പായമ്മയെ അവസാനമായി യാത്രയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

