പത്തനംതിട്ട ജില്ലയിലെ പന്തളത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെയും മകനെയും ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പന്തളം മുളമ്പുഴ വലിയ തറയിൽ ലീലാമ്മ ഫിലിപ്പിന്റെ വീട്ടിലാണ് കഴിഞ്ഞ ഈ മാസം പതിനൊന്നാം തീയതി രാത്രി 9 30 ഓടെ ആക്രമണം നടന്നത്. കുന്നിക്കുഴി അനിഴം വീട്ടിൽ ചിണ്ടൻ എന്ന് വിളിക്കുന്ന ബിനു (46), പന്തളം തോട്ടക്കോണം കൊച്ചുതറമേൽ വീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന രാഹുൽ ആർ നായർ (29), പന്തളം ചെറുമല തരിപ്പോട്ടിൽ വടക്കേതിൽ വീട്ടിൽ സുജിത്ത് (39) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന സംഘം വയോധികയെ ഭീഷണിപ്പെടുത്തുകയും മകനെ മർദ്ദിക്കുകയുമായിരുന്നു. വീടിനുള്ളിൽ നാശനഷ്ടങ്ങൾ വരുത്തിയ പ്രതികൾ ഏറെ നേരം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പിൻവാങ്ങിയത്.
സംഭവമറിഞ്ഞ് പന്തളം സ്റ്റേഷനിൽ നിന്നും പോലീസ് എത്തുമ്പോഴേക്കും അക്രമികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. പ്രതികളിൽ ഒരാളായ ബിനുവിനെ പതിനെട്ടാം തീയതി തന്നെ പോലീസ് പിടികൂടിയിരുന്നു.
എന്നാൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികൾക്കായി പോലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് മുഴുവൻ പേരും പിടിയിലായത്. പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ ശരത് എസ് പിള്ള, എസ് അൻവർഷ, എസ് വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

