കൊച്ചിയിൽ സിനിമ സ്റ്റൈലിൽ നടന്ന സാഹസിക നീക്കത്തിലൂടെ ആയിരം കോടി രൂപയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ മുഖ്യപ്രതികൾ പിടിയിലായി. രണ്ടു കാറുകളിലായി പ്രതികളെ പിന്തുടർന്ന അന്വേഷണസംഘം ഇടപ്പള്ളി ജംക്ഷനിൽ നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകാൻ പ്ലാൻ ചെയ്തപ്പോഴാണ് പിടികൂടിയത്.
ഈ സമയത്ത് കസ്റ്റംസ് സൂപ്രണ്ട് വിവേക് തന്റെ കാർ പ്രതികളുടെ വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. പ്രതികൾ കാർ നിർത്തിയയുടൻ ഉദ്യോഗസ്ഥൻ ഓടിയെത്തി താക്കോൽ എടുത്തുമാറ്റി.
തുടർന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥ സംഘം അതിവേഗം വളഞ്ഞുപിടിക്കുകയായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് സംഘമാണ് ഈ രീതിയിൽ പ്രതികളെ വലയിലാക്കിയത്.
തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെയാണ് 40 കിലോമീറ്ററോളം കാറിൽ പിന്തുടർന്ന് അധികൃതർ പിടികൂടിയത്. ‘ഓപ്പറേഷൻ വജ്ര’യുടെ ഭാഗമായി 30 ടൺ വരുന്ന 12 കോടി ഫൈറ്റർ ഡ്രഗ് അഥവാ ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ ഡൽഹിയിലെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
ഈ വിവരം പുറത്തറിഞ്ഞതോടെ ലഹരികടത്തിന്റെ സൂത്രധാരന്മാരായ ഉമേഷ് കുമാറും ഫിർദോസും ഒളിവിൽ പോവുകയായിരുന്നു. ഇരുവരും കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ്, ഡിആർഐ, സെൻട്രൽ നർക്കോട്ടിക്സ് ബ്യൂറോ എന്നിവർ സംയുക്തമായി തിരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തിരുവനന്തപുരം ഭാഗത്തുനിന്നും കൊച്ചിയിലേക്ക് വരുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. വൈക്കം എത്തുന്നതിന് തൊട്ടുമുൻപായി പ്രതികളുടെ വാഹനം ഉദ്യോഗസ്ഥരുടെ മുന്നിൽപ്പെടുകയും തുടർന്ന് സിനിമ സ്റ്റൈൽ ചേസിങ് നടക്കുകയുമായിരുന്നു.
ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് കയറ്റുമതിക്കായി വ്യാജരേഖകൾ ചമച്ചത് ഈ ബെംഗളൂരു സ്വദേശിയുടെ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു.
ഉയർന്ന ശേഷിയുള്ള വേദനസംഹാരിയായ ട്രാമഡോൾ പലപ്പോഴും സംഘർഷ മേഖലകളിൽ ലഹരിമരുന്നായി ഉപയോഗിക്കാറുണ്ട്. 25 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഗിനി-ബിസാവു എന്ന ചെറിയ പശ്ചിമാഫ്രിക്കൻ രാജ്യത്തേക്ക് 12 കോടിയോളം ലഹരി ഗുളികകൾ കയറ്റുമതി ചെയ്യാനായിരുന്നു പ്രതികളുടെ പ്രാരംഭ ശ്രമം.
എന്നാൽ ഇത്രയും ചെറിയ ജനസംഖ്യയുള്ള ഒരു രാജ്യത്തേക്ക് ഇത്രയധികം ഗുളികകൾ അയക്കുന്നതിൽ സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് അധികൃതർക്ക് കടുത്ത സംശയം തോന്നി. തുടർന്ന് രാജ്യാന്തര ലഹരിമരുന്ന് നിയന്ത്രണ ബോർഡിലും ഗിനി-ബിസാവു അധികൃതരുമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ഗിനി-ബിസാവുവിന്റെ മറവിൽ സംഘർഷമേഖലയായ ലിബിയയിലേക്ക് ഗുളികകൾ കടത്താനായിരുന്നു യഥാർത്ഥ പദ്ധതി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ സഹായത്തോടെ സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് നടത്തിയ നീക്കങ്ങളാണ് ഒടുവിൽ പ്രതികളെ കുടുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

