സിംബാബ്വെയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിന് കളത്തിലിറങ്ങുന്നു. ഹരാരെയിലാണ് മത്സരം നടക്കുന്നത്.
ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ സന്ദർശകർ നിലവിൽ പരമ്പരയിൽ 1-0 ന് മുന്നിലാണ്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ടീമിൽ നിർണ്ണായകമായ ഒരു മാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യ മത്സരത്തിൽ 8 പന്തില്‍ ഒരു റൺസ് മാത്രം നേടി പുറത്തായ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിവരം. അദ്ദേഹത്തിന് പകരം ഐപിഎല്ലില്‍ തിളങ്ങിയ വലങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പ്രഭ്സിമ്രാൻ സിംഗ് ടീമിൽ ഇടംനേടിയേക്കും.
ബാറ്റിംഗ് നിരയിൽ ഇടങ്കയ്യൻ താരങ്ങളുടെ ആധിക്യം ഒഴിവാക്കാനും ഓപ്പണിംഗിൽ മികച്ച കോമ്പിനേഷൻ കൊണ്ടുവരാനുമാണ് ടീം മാനേജ്മെന്റിന്റെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ 19 പന്തിൽ 50 റൺസ് നേടി റെക്കോർഡിട്ട
വൈഭവ് സൂര്യവംശിക്കൊപ്പം പ്രഭ്സിമ്രാൻ സിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷൻ മൂന്നാം നമ്പരിൽ തുടരുമ്പോൾ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാമനായി ക്രീസിലെത്തും.
തിലക് വർമ്മ, ഫിനിഷർ റിങ്കു സിംഗ്, ഓൾറൗണ്ടർ ശിവം ദുബെ എന്നിവരായിരിക്കും മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. ബൗളിംഗ് നിരയിൽ കഴിഞ്ഞ മത്സരത്തിലെ അതേ കോമ്പിനേഷൻ തന്നെ നിലനിർത്താനാണ് സാധ്യത.
പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ മായങ്ക് യാദവ്, പ്രിൻസ് യാദവ്, അശോക് ശർമ്മ എന്നിവർ ചേർന്ന് പേസ് ആക്രമണം നയിക്കും. ആദ്യ മത്സരത്തിൽ മായങ്കും പ്രിൻസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു.
സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളിൽ രവി ബിഷ്ണോയ് തുടരും. ഇന്ത്യയുടെ സാധ്യതാ ഇലവൻ: വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ സിംഗ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, രവി ബിഷ്ണോയ്, പ്രിൻസ് യാദവ്, അശോക് ശർമ്മ, മായങ്ക് യാദവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

