സ്മാർട്ട് വാച്ച് ഉപയോക്താക്കൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ Google Pixel Watch 2, Pixel Watch 3 എന്നീ മോഡലുകളിലെ സുപ്രധാന ഫീച്ചറായ ‘സേഫ്റ്റി സിഗ്നൽ’ ഒഴിവാക്കാൻ ഒരുങ്ങി Google. സജീവമായ സെല്ലുലാർ പ്ലാനോ ഫോണുമായി കണക്ഷനോ ഇല്ലാതെ തന്നെ അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനമാണിത്.
തികച്ചും സൗജന്യമായി ലഭ്യമായിരുന്ന ഈ സേവനമാണ് ഇപ്പോൾ കമ്പനി നിർത്തലാക്കാൻ തയ്യാറെടുക്കുന്നത്. ഏറ്റവും പുതിയ പിക്സൽ വാച്ച് ആപ്പ് അപ്ഡേറ്റിലെ കോഡ് സ്ട്രിങ്ങുകൾ പരിശോധിച്ചതിൽ നിന്നാണ് സേഫ്റ്റി സിഗ്നൽ പിൻവലിക്കുന്നതായുള്ള സൂചനകൾ പുറത്തുവന്നത്.
Android Authority നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. “Safety signal is going away”, “This feature will no longer be available soon.
To learn how this affects your watch and find other ways to stay safe, read the full article” തുടങ്ങിയ കോഡ് സ്ട്രിങ്ങുകളാണ് ആപ്പിൽ കണ്ടെത്തിയിട്ടുള്ളത്. ഇത് സേവനം ഉടൻ തന്നെ നിർത്തലാക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
എപ്പോഴാണ് ഈ ഫീച്ചർ പൂർണ്ണമായി നിർത്തലാക്കുന്നത് എന്നത് സംബന്ധിച്ച് Google ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. കൂടാതെ പകരമായി മറ്റൊരു സംവിധാനം കൊണ്ടുവരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ആപ്പ് അപ്ഡേറ്റിലെ സൂചനകൾ അനുസരിച്ച് അടുത്ത ആഴ്ചകളിലോ മാസങ്ങളിലോ ഈ ഫീച്ചർ പൂർണ്ണമായി പിൻവലിക്കപ്പെട്ടേക്കാം. തുടക്കത്തിൽ ഫിറ്റ്ബിറ്റ് പ്രീമിയത്തിന്റെ ഭാഗമായിരുന്ന ഈ സേ പിന്നീട് Google Health Premium സബ്സ്ക്രിപ്ഷനിലേക്ക് മാറ്റുകയായിരുന്നു.
Pixel Watch 2, Pixel Watch 3 എന്നിവയുടെ LTE പതിപ്പുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരുന്നത്. സജീവമായ കാരിയർ പ്ലാനില്ലാതെ തന്നെ എമർജൻസി ഷെയറിങ്, എമർജൻസി എസ്.ഒ.എസ്, ഫോൾ ഡിറ്റക്ഷൻ തുടങ്ങിയ അത്യാഹിത സുരക്ഷാ ഫീച്ചറുകൾ ഇത് വഴി ഉപയോഗിക്കാൻ സാധിച്ചിരുന്നു.
അമേരിക്ക, കാനഡ, യുകെ, ജർമ്മനി എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് സൗജന്യമായാണ് ഇത് നൽകിയിരുന്നത്. പുതിയ പിക്സൽ വാച്ച് മോഡലുകളിൽ ഗൂഗിൾ സേഫ്റ്റി സിഗ്നലിന് പകരമായി സാറ്റലൈറ്റ് എസ്.ഒ.എസ് കണക്റ്റിവിറ്റിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സേഫ്റ്റി സിഗ്നലിനെ ആശ്രയിച്ചിരുന്ന ഉപയോക്താക്കൾ ഭാവിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടി വരും. ഫോണില്ലാത്ത സമയങ്ങളിൽ വാച്ചിൽ സുരക്ഷാ ഫീച്ചറുകൾ തുടർന്നും ലഭിക്കുന്നതിന് സജീവമായ കാരിയർ പ്ലാൻ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

