കൃത്രിമ ബുദ്ധിയും (AI) ടെലഗ്രാമും ഉപയോഗിച്ച് വ്യാജ ബാങ്കിംഗ് ആപ്ലിക്കേഷനുകളും മാല്‍വെയര്‍ അടങ്ങിയ എപികെ ഫയലുകളും നിര്‍മ്മിച്ച് രാജ്യവ്യാപകമായി സൈബര്‍ കുറ്റവാളികള്‍ക്ക് വിറ്റ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ 18-കാരന് അറസ്റ്റിലായി. ഗുജറാത്തിലെ സൂറത്ത് സൈബര്‍ ക്രൈം സെല്ലാണ് പ്രതിയെ പിടികൂടിയത്.
പ്ലസ് വണ്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച കാണ്‍പൂര്‍ സ്വദേശിയായ രോഹിത് വീരേന്ദ്ര സിംഗ് ഷാക്യ ആണ് തിങ്കളാഴ്ച അറസ്റ്റിലായത്. തന്റെ 16-ാം വയസ്സു മുതല്‍ എഐ ടൂളുകളുടെയും ടെലഗ്രാമിന്റെയും സഹായത്തോടെ ഇയാള്‍ ഇത്തരം സങ്കീര്‍ണ്ണമായ തട്ടിപ്പ് ടൂളുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
മൊബൈല്‍ ഫോണുകളുടെ നിയന്ത്രണം വിദൂരമായി കൈക്കലാക്കാനും രഹസ്യ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും സഹായിക്കുന്നതായിരുന്നു ഈ ആപ്പുകള്‍. ജാര്‍ഖണ്ഡിലെ ജാംതാഡ, ഹരിയാന, രാജസ്ഥാന് തുടങ്ങിയ പ്രദേശങ്ങളില്‍ സജീവമായ കുറ്റവാളി സംഘങ്ങള്‍ ഇയാളില്‍ നിന്നാണ് ഇത്തരം വൈറസ് ബാധിത ആപ്പുകള്‍ വാങ്ങിയിരുന്നത്.
സൂററ്റില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സൈബര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണമാണ് നിര്‍ണ്ണായക വിവരങ്ങളിലേക്ക് നയിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക ആപ്പായ ‘PNB One’ ന് സമാനമായ ഒരു എപികെ ഫയല്‍ വാട്ട്സ്ആപ്പ് വഴി ഒരു വ്യക്തിക്ക് ലഭിച്ചിരുന്നു.
ഇത് യഥാര്‍ത്ഥ ആപ്പാണെന്ന് തെറ്റിദ്ധരിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതോടെ ഫോണ്‍ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലായി. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പ്രൈം കോ-ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ യൂണിയന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് സൂറത്ത് സൈബര്‍ ക്രൈം സെല്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണമാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനിലേക്ക് എത്തിയത്. കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസും ഐടി വിദഗ്ധരും ചേര്‍ന്നുള്ള സംഘം പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രധാനമായും രണ്ട് വിഭാഗങ്ങളിലായുള്ള ആപ്ലിക്കേഷനുകളാണ് ഇയാള്‍ വികസിപ്പിച്ചിരുന്നത്.
ഇരകളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ആപ്പും, കുറ്റവാളികള്‍ക്ക് നിയന്ത്രിക്കാനുള്ള അഡ്മിന് ആപ്പുമായിരുന്നു ഇവ. അഡ്മിന് ആപ്പ് വഴി തട്ടിപ്പുകാര്‍ക്ക് ഇരകളുടെ ഫോണിലേക്ക് വരുന്ന ഒടിപികളും (OTP) മറ്റ് പ്രധാന ബാങ്കിംഗ് വിവരങ്ങളും തത്സമയം ചോര്‍ത്താന്‍ സാധിക്കുമായിരുന്നു.
മാസാമാസ വരിസംഖ്യാ അടിസ്ഥാനത്തിലായിരുന്നു (Subscription Model) ഇയാളുടെ ഇടപാടുകള്‍. സോഫ്റ്റ്വെയര് നിര്‍മ്മിച്ചു നല്‍കുന്നതിന് ആദ്യ ഘട്ടമായി 15,000 രൂപയും തുടര്‍ സേവനങ്ങള്‍ക്കായി പ്രതിമാസം 15,000 രൂപ വീതവുമാണ് കുറ്റവാളികളില്‍ നിന്ന് ഈടാക്കിയിരുന്നത്.
ആവശ്യക്കാരുടെ താല്‍പ്പര്യപ്രകാരം വിവിധ ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പ്രമുഖ കമ്പനികള്‍ എന്നിവയുടെ പേരില്‍ വ്യാജ ആപ്പുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. പിഎൻബി (PNB), എസ്ബിഐ (SBI), ആക്സിസ് ബാങ്ക്, യുസിഒ ബാങ്ക്, ബിഗ്ബാസ്കറ്റ്, അമേരിക്കന്‍ എക്സ്പ്രസ്, ആര്‍ടിഒ ചലാന്‍ സേവനങ്ങള്‍ എന്നിവയുടെ വ്യാജ ആപ്പുകളും പേയ്മെന്റ് ലിങ്കുകളും ഇത്തരത്തില്‍ നിര്‍മ്മിച്ച് നല്കിയവയില് ഉള്‍പ്പെടുന്നു.
ഈ നെറ്റ്വര്‍ക്കുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കണ്ടെത്താനായി അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

