സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കുന്നതു തടഞ്ഞും ന്യൂഡൽഹിയിൽ മെട്രോ സർവീസും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിപ്പിക്കാൻ നിർദേശിച്ചും കോടതിയുടെ സുപ്രധാന ഇടപെടൽ. ഇന്റർനെറ്റ് വിലക്കും നീക്കും.
റോഡിലെങ്ങും ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്ന വിഷയത്തിലും പുനഃപരിശോധന നടത്താൻ കോടതി സർക്കാരിനോടു നിർദേശിച്ചു. ഡൽഹിയിലെ പ്രതിഷേധങ്ങളെ പൊലീസ് നേരിട്ട
രീതി വിവിധ ഹർജികളിലൂടെ ഉന്നയിച്ചതോടെയാണ് ഞായറാഴ്ച അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തി കോടതി ഇക്കാര്യത്തിൽ ഇടപെട്ടത്. അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും തടസ്സമില്ലാതെ പ്രവർത്തിക്കാമെന്നും കോടതിപരിസരത്തെ നിരോധന ഉത്തരവിന്റെ ബോർഡ് നീക്കണമെന്നും കോടതിയലക്ഷ്യ ഹർജികളിൽ സർക്കാരിനു നോട്ടിസ് അയച്ചുകൊണ്ടു കോടതി വ്യക്തമാക്കി.
നഗരത്തിൽ ജനങ്ങളുടെയും വാഹനങ്ങളുടെയും സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
ഇവർക്കു പുറമേ, ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച വിഷയം വീണ്ടും പരിശോധിക്കും.
അതിനു മുൻപായി കേന്ദ്ര സർക്കാർ മറുപടി സത്യവാങ്മൂലം നൽകണം. പ്രതിഷേധം തടയാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നടപടികൾ ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം.എ.
ബേബി നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ചെന്ന കോടതിയലക്ഷ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു.
സമാധാനപരമായി പ്രതിഷേധിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്നതിൽ സർക്കാരും ഉറപ്പു നൽകണമെന്ന് അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടു. ഞായറാഴ്ച അസാധാരണ സിറ്റിങ് നടത്തി വിഷയത്തിൽ ഇടപെട്ടതിന് കപിൽ സിബൽ കോടതിയോട് നന്ദി അറിയിച്ചു.
കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നുവെന്ന തരത്തിൽ മുതിർന്ന അഭിഭാഷകർ തന്നെ അഭിപ്രായപ്രകടനം നടത്തുന്ന വിഷയം സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് എത്തിയവരുടെയും മാധ്യമപ്രവർത്തകരുടെയും അടക്കം ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ വിട്ടു നൽകണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
ഇതിൽ പ്രത്യേക നിർദേശമോ ഉത്തരവോ ഇടക്കാല നിർദേശങ്ങളിൽ ഇല്ലെന്നതു ശ്രദ്ധേയമാണ്. പ്രതിഷേധം അടിച്ചമർത്താൻ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം തിരിച്ചറിയൽ ബാഡ്ജുകൾ ഇല്ലാത്തവരുമുണ്ടെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
പൊലീസ് ബാഡ്ജ് വ്യക്തമായി കാണുംവിധം ധരിക്കണമെന്ന ആവശ്യവും വാദത്തിനിടെ ഉയർന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

