വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കത്തിന് പൂർണ്ണ സജ്ജമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ജൂൺ ആദ്യവാരത്തോടെ വിഴിഞ്ഞം വഴിയുള്ള എക്സിം (EXIM) കാർഗോ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം.
തുറമുഖത്തെയും ദേശീയപാത 66-നെയും ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി, റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിനായി കസ്റ്റംസ് വിഭാഗം തങ്ങളുടെ സജ്ജീകരണങ്ങൾ ശക്തമാക്കി.
നിലവിൽ വിഴിഞ്ഞത്തുള്ള ജീവനക്കാർക്ക് പുറമെ 20 ഉദ്യോഗസ്ഥരെ കൂടി വിന്യസിക്കുന്നതിനുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ തിയതി പ്രഖ്യാപിക്കുന്നതോടെ വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം ഔദ്യോഗികമായി ആരംഭിക്കും.
ഇതുവരെ മറ്റ് തുറമുഖങ്ങളെ ആശ്രയിച്ച് നടന്നിരുന്ന ചരക്ക് നീക്കത്തിന് ഇതോടെ വിഴിഞ്ഞം ഒരു സ്വതന്ത്ര കേന്ദ്രമായി മാറും. കേരളത്തിലെയും തെക്കൻ തമിഴ്നാട്ടിലെയും വ്യവസായങ്ങൾക്കും ലോജിസ്റ്റിക് കമ്പനികൾക്കും വിഴിഞ്ഞം തുറമുഖം വഴി നേരിട്ട് ചരക്കുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് ഗതാഗതച്ചെലവും സമയവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയ വ്യവസായ സാധ്യതകൾ തെളിയുമ്പോഴും സംസ്ഥാന തലത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ പോരായ്മകൾ തുടരുകയാണ്. തുറമുഖത്തിന് ചുറ്റുമുള്ള സ്പെഷ്യൽ എക്ണോമിക് സോൺ പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു.
റിംഗ് റോഡ് നിർമ്മാണം പ്രാരംഭ ഘട്ടത്തിലും, റെയിൽവേ കണക്ടിവിറ്റിക്കുള്ള ടെൻഡർ നടപടികൾ പ്രാഥമിക ഘട്ടത്തിലുമാണ്. 5000 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത ഷറഫ് ഷിപ്പിംഗ് ഏജൻസിക്ക് ഭൂമി നൽകേണ്ട
സാഹചര്യം വന്നപ്പോൾ സംസ്ഥാനത്തിന് സ്വന്തമായി ഒരേക്കർ ഭൂമി പോലും വിഴിഞ്ഞത്തിന് സമീപം ഏറ്റെടുക്കാൻ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇതേസമയം, തമിഴ്നാട് സർക്കാർ വിഴിഞ്ഞത്തിന് സമീപമുള്ള തിരുനെൽവേലി നങ്ങുനേരിയിൽ 2000 ഏക്കർ ഭൂമി ഏറ്റെടുത്ത് വികസനത്തിന് വഴിയൊരുക്കി കഴിഞ്ഞു.
നിലവിൽ കപ്പലുകൾ തുറമുഖത്ത് എത്തുമ്പോൾ ലഭിക്കുന്ന ജിഎസ്ടി മാത്രമാണ് സംസ്ഥാനത്തിനുള്ള പ്രധാന വരുമാനം. പശ്ചാത്തല സൗകര്യ വികസനത്തിലെ ഈ മന്ദഗതി തുടർന്നാൽ വലിയ സാമ്പത്തിക നേട്ടങ്ങൾ കേരളത്തിന് അന്യമാകും.
തുറമുഖ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്ത സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് വ്യാവസായിക ലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

