പൂജാ അവധിദിനങ്ങളിൽ ഹൈറേഞ്ചിന്റെ മനോഹാരിത നുകരാൻ എത്തിയത് വൻ ജനത്തിരക്ക്. കഴിഞ്ഞ ശനിയാഴ്ച മുതൽ വിജയദശമി ദിനമായ ബുധൻ വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ ഡി.ടി.പി.സി.യുടെ (DTPC) നിയന്ത്രണത്തിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങൾ മാത്രം സന്ദർശിച്ചത് 1,24,589 സഞ്ചാരികളാണ്.
വിനോദസഞ്ചാരികളുടെ പ്രധാന ഇഷ്ടകേന്ദ്രങ്ങളായി മാറിയത് വാഗമണ്ണും മൂന്നാറുമാണ്. വെറും അഞ്ച് ദിവസത്തിനുള്ളിൽ മാത്രം വാഗൺ മൊട്ടക്കുന്നിലേക്ക് 36,246 പേരെത്തി.
ഇതിൽ മഹാനവമി ദിനത്തിൽ മാത്രം എത്തിയത് 9,860 സഞ്ചാരികളാണ്. മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശകരുടെ കണക്കുകൾ ഇങ്ങനെയാണ്:
* വാഗമൺ അഡ്വഞ്ചർ പാർക്ക്: 22,473
* മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ: 20,379
* രാമക്കൽമേട്: 14,243
* പാഞ്ചാലിമേട്: 9,927
* ആമപ്പാറ: 6,749
* ഇടുക്കി ഹിൽവ്യൂ പാർക്ക്: 5,129
* ശ്രീനാരായണപുരം: 5,755
* മാട്ടുപ്പെട്ടി: 2,479
* അരുവിക്കുഴി: 1,209
ഇതിന് പുറമേ, വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, ഹൈഡൽ ടൂറിസം പദ്ധതികൾ എന്നിവിടങ്ങളിലും വലിയ തോതിൽ സഞ്ചാരികൾ എത്തിച്ചേർന്നു.
തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിച്ചത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് ഏറെ ഉണർവുവേകിയെന്ന് വിലയിരുത്തപ്പെടുന്നു. തമിഴ്നാട്, കർണാടക, തെലങ്കാന തുടങ്ങിയേടങ്ങളിൽ നിന്നുൾപ്പെടെ നിരവധി അതിഥി സഞ്ചാരികളാണ് ഇടുക്കിയിലേക്ക് എത്തിയത്.
ജില്ലയിലെ ഉൾനാടൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഈ തിരക്ക് ജില്ലയിലെ റിസോർട്ട് ഉടമകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ചെറുകിട
വ്യാപാരികൾ, ടൂർ ഓപ്പറേറ്റർമാർ, സഫാരി ജീപ്പ്-ടാക്സി-ഓട്ടോ ഡ്രൈവർമാർ എന്നിവർക്കെല്ലാം വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. പല പ്രധാന ടൂറിസം കേന്ദ്രങ്ങളിലും മുൻകൂട്ടി ബുക്ക് ചെയ്യാൻ പോലും മുറികൾ ലഭ്യമല്ലാത്ത സ്ഥിതി വിശേഷമുണ്ടായി.
അതേസമയം, സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ മൂന്നാർ, വാഗമൺ തുടങ്ങിയ മേഖലകളിലേക്കുള്ള പാതകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

