അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കപ്പെടാത്ത സാഹചര്യത്തിൽ, ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുള്ള കടുത്ത പോർവിളികൾ ആഗോള വിപണിയിൽ ആശങ്ക പരത്തുന്നു. ഈ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും, സ്വർണവിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളിലെ ഓഹരി വിപണികൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാനെതിരെ ഈയാഴ്ച തന്നെ സൈനിക നീക്കം ഉണ്ടായേക്കാമെന്ന സൂചനകളാണ് അമേരിക്കയും ഇസ്രായേലും നൽകുന്നത്.
എന്നാൽ ആക്രമണമുണ്ടായാൽ ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങളും സുപ്രധാന ഡാറ്റാ സെന്ററുകളും കടലിലെ പ്രധാന കേബിളുകളും തകർക്കുമെന്ന് ഇറാനും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവരുടെ എണ്ണ സമ്പത്ത് പിടിച്ചെടുക്കുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 3-ന് അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സൈനിക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടയിൽ സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് നഗരത്തിനും റിയാദിനും നേരെ ഹൂതികളുടെ ആക്രമണശ്രമമുണ്ടായെങ്കിലും പ്രതിരോധ സേന ഇവയെല്ലാം വിജയകരമായി തകർത്തു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും സൗദിയിലെ ഹൂതി ആക്രമണങ്ങളും ക്രൂഡ് ഓയിൽ വിലയെ റെക്കോർഡ് ഉയരത്തിലേക്ക് നയിച്ചു. യുഎഇയിലെ ഉമ്മുൽഖുവൈനിൽ എണ്ണ ടാങ്കർ ചോർന്നതിനെത്തുടർന്ന് ബീച്ചുകൾ താൽക്കാലികമായി അടച്ചതും വിപണിയിൽ ആശങ്ക വർധിപ്പിച്ചു.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.14% വർധിച്ച് 116.7 ഡോളറിലെത്തി. അമേരിക്കൻ ഡബ്ല്യുടിഐ ക്രൂഡ് വില 3.82% ഉയർന്ന് 103.3 ഡോളറിലുമാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എണ്ണവില ഉയരുന്നത് ഇന്ത്യയിലും അമേരിക്കയിലും പണപ്പെരുപ്പത്തിനും വായ്പ പലിശ വർധനവിനും കാരണമായേക്കാം.
അടുത്ത മാസം പെട്രോൾ, ഡീസൽ വിലകളിൽ കേന്ദ്ര സർക്കാർ വർധനവ് വരുത്തിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ പ്രഥമ വനിത മെലനിയ ട്രംപ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി.
ഒക്ടോബർ 29 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. ഇതിനിടയിൽ, അമേരിക്കയിലെ ഉയർന്ന ഡീസൽ വില പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് റഷ്യയിൽ നിന്നുള്ള കപ്പൽ എണ്ണ ശേഖരവുമായി എത്തുന്നുണ്ട്.
40,000 മെട്രിക് ടൺ ഡീസലുമായി അയീയി ഫെനൻഡസ് (Agioi Fanendes) എന്ന കപ്പലാണ് യുഎസിൽ എത്തുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധന വില പിടിച്ചുനിർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എണ്ണവിലക്കയറ്റവും പണപ്പെരുപ്പ ഭയവും ആഗോള ഓഹരി വിപണികളെ സാരമായി ബാധിച്ചു. അമേരിക്കയിൽ ഡൗ ജോൺസ് 652 പോയിന്റ് (-1.23%) ഇടിഞ്ഞപ്പോൾ, നാസ്ഡാക് സൂചികയും താഴ്ന്നു.
ഇന്ത്യയിൽ സെൻസെക്സ് 125 പോയിന്റും നിഫ്റ്റി 87 പോയിന്റും നഷ്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ക്രൂഡ് ഓയിൽ വിലക്കയറ്റവും പലിശ നിരക്ക് വർധനവിനുള്ള സാധ്യതയും സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3978 ഡോളറിലേക്ക് കൂപ്പുകുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

