കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപം ചേനോളിയിൽ ദമ്പതികൾക്ക് നേരെ അതിക്രമം. ചേനോളി കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിനാണ് (45) കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ മർദനമേറ്റത്.
വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ഈ അക്രമണമുണ്ടായതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കാറിലെ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങി വരാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ആവശ്യപ്പെട്ടാണ് അക്രമികൾ റഷീദിനെ സമീപിച്ചത്.
തുടർന്ന് ഓട്ടോയുമായി എത്തിയ റഷീദിനെ അയൽവാസി ഏൽപിച്ച ക്വട്ടേഷൻ ആണെന്നു പറഞ്ഞാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. ഓട്ടോറിക്ഷയിൽ വെച്ച് റഷീദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു.
കാഴ്ച മറഞ്ഞ റഷീദിനെ, അക്രമി സംഘം ഇരുമ്പു കട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരുക്കേൽപിക്കുകയും നിലത്തേക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തു.
ഇതിനുശേഷം റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഭാര്യ ഷംനയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റഷീദിന്റെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിവരുമ്പോഴേക്കും അക്രമികൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ റഷീദിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിവരികയാണ്. സംഭവത്തിൽ റഷീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുൻപ് അയൽവാസി ഫോണിൽ വിളിച്ച് തന്നെയും ഭാര്യയെയും വധിക്കുമെന്നും വീൽചെയറിൽ കിടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റഷീദ് വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

