കോഴിക്കോട് ജില്ലയിലെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ വീണ്ടും ഗുരുതരമായ ചികിത്സാ പിഴവ് ആരോപിക്കപ്പെടുന്നു. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടര്‍ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി.
ഈ സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പല്ല് മാറ്റുന്നതിനായി പതിനൊന്നുകാരനും അമ്മയുമാണ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ ഒരു പല്ല് എടുത്തുമാറ്റുകയും, വായില്‍ വെച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്തു കളഞ്ഞാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കേടായ പല്ലിന് പകരം ആരോഗ്യവാനായ മറ്റൊരു പല്ലാണ് എടുത്തതെന്ന് ഇവര്‍ക്ക് വ്യക്തമായത്.
തുടര്‍ന്ന് കുട്ടിയുടെ അമ്മ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് വിവരം അന്വേഷിച്ചു. എന്നാല്‍ ‘മറ്റേ പല്ലുകൂടി എടുത്തുതരാം’ എന്ന നിരുത്തരവാദപരമായ മറുപടിയാണ് ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെക്കണ്ട് കുടുംബം പരാതി അറിയിച്ചെങ്കിലും, എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല എന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

