തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരന് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രൂരമായ മർദ്ദനമേറ്റതായി പരാതി. പോലീസ് വാഹനത്തിൽ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചുവെന്നും, ബൂട്ടുകൊണ്ട് ചവിട്ടി കാലൊടിച്ചെന്നുമാണ് പതിനേഴുകാരന്റെ വെളിപ്പെടുത്തൽ.
മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയ വർക്കല പോലീസ്, ആ പ്രതിയെ സഹായിക്കുന്നുവെന്ന സംശയത്തിന്റെ പേരിലാണ് 17കാരനെ ക്രൂരമായി ഉപദ്രവിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. മറ്റൊരാൾ ചെയ്ത കുറ്റത്തിന്റെ പേരിൽ എന്തിനാണ് തന്റെ മകനെ വേട്ടയാടുന്നതെന്ന് പതിനേഴുകാരന്റെ അമ്മ മാധ്യമങ്ങളോട് ചോദിച്ചു.
മർദ്ദന വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും 17കാരൻ വെളിപ്പെടുത്തി. പോലീസ് ജീപ്പിൽ വെച്ചും ആളൊഴിഞ്ഞ സ്ഥലത്തു വെച്ചും ഇത്തരത്തിലുള്ള ഭീഷണികളും അതിക്രമങ്ങളും ഉണ്ടായതായാണ് ആരോപണം.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

