ഉത്തരാഖണ്ഡിലെ വിവാദമായ അങ്കിത ഭണ്ഡാരി വധക്കേസിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, സിക്കിം ഗവര്ണ്ണറായി ദുഷ്യന്ത് ഗൗതം നടത്തുന്ന നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രപതിക്ക് ഔദ്യോഗികമായി കത്തയച്ചു. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ നിയമനം തടഞ്ഞുവെക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണഘടനാ പദവിയിലെത്തിയാൽ പ്രതികൾക്ക് മേൽ ക്രിമിനൽ നടപടികൾ ആരംഭിക്കാനോ നിലവിലുള്ളവ തുടരാനോ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി കത്തിലൂടെ ചൂണ്ടിക്കാണിച്ചു. 2022-ൽ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരിയെ, റിസോർട്ട് ഉടമയായ ബിജെപി നേതാവിന്റെ മകനും സംഘവും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
ഒരു വിഐപിക്ക് മുന്നിൽ കീഴടങ്ങാനുള്ള നീക്കത്തെ അങ്കിത ചെറുത്തതാണ് ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഈ കേസിലെ ആ പ്രസ്തുത ‘വിഐപി’ ദുഷ്യന്ത് ഗൗതം ആണെന്നാണ് കുടുംബത്തിന്റെയും കോൺഗ്രസിന്റെയും പ്രധാന ആരോപണം.
പ്രധാന തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലാണ് ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കൊലക്കേസും കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്. ഉത്തരാഖണ്ഡിലെ ഈ കൊലക്കേസിൽ ആരോപണവിധേയനായ വ്യക്തിയെ ഗവർണർ പദവി നൽകി സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതെന്ന് പാർട്ടി പരാതിപ്പെടുന്നു.
ഇതിന്റെ ഭാഗമായി ഇന്ത്യ ഗേറ്റിന് സമീപം ഇന്നലെ രാത്രി പ്രതിഷേധിച്ച അങ്കിതയുടെ മാതാപിതാക്കളെയും കോൺഗ്രസ് നേതാക്കളെയും പുലർച്ചെയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയുണ്ടായി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കിടയിൽ ബിജെപി നേതാവും നിയുക്ത സിക്കീം ഗവർണറുമായ ദുഷ്യന്ത് ഗൗതമിനെയും കോൺഗ്രസ് ശക്തമായി ലക്ഷ്യമിടുന്നുണ്ട്.
അങ്കിത ഭണ്ഡാരി കൊലക്കേസിൽ അന്വേഷണം നേരിടുന്ന ദുഷ്യന്തിനെ രക്ഷപ്പെടുത്താനാണ് ഗവർണർ പദവി നൽകിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. 2022 സെപ്റ്റംബർ മാസത്തിലാണ് ഋഷികേശിലെ റിസോർട്ടിൽ വെച്ച് റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്.
ബിജെപി നേതാവും റിസോർട്ട് ഉടമയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ ഉൾപ്പെടെയുള്ള മൂന്ന് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്യുകയും കോടതി കുറ്റക്കാരായി കണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ കൊലപാതകത്തിൽ ദുഷ്യന്ത് ഗൗതമിന് നേരിട്ട് പങ്കുണ്ടെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.
ദുഷ്യന്തിന്റെ മുറിയിൽ ചെല്ലാൻ പെൺകുട്ടിയോട് റിസോർട്ട് ഉടമ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

