ചെന്നൈ: സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന രംഗത്ത്.
മന്ത്രിയുടേതെന്ന പേരിൽ മറ്റൊരു യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രതികരണം. വീഡിയോയിലുള്ളത് താനല്ലെന്ന് വ്യക്തമാക്കിയ എസ്.
കീർത്തന, ഇനി അഥവാ താൻ തന്നെയാണെങ്കിൽ പോലും എന്താണ് പ്രശ്നമെന്നും ചോദ്യമുയർത്തി. ഒന്നും ചെയ്യാനില്ലാത്തവരുടെ ഏറ്റവും പഴകിയ ആയുധമാണ് ഈ സ്ത്രീവിരുദ്ധ പ്രചാരണമെന്നും മന്ത്രി തുറന്നടിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് മന്ത്രിയുടേതെന്ന വ്യാജേന ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. മന്ത്രിയുമായി രൂപസാദൃശ്യമുള്ള മറ്റൊരു യുവതിയാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ഇവർ ധരിച്ചിരുന്ന വസ്ത്രത്തെ മുൻനിർത്തിയായിരുന്നു വ്യാപകമായ അധിക്ഷേപങ്ങൾ ഉയർന്നത്. ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ച ടിവികെ മന്ത്രി എന്ന പേരിലാണ് പലരും ഈ വീഡിയോ പങ്കുവെച്ചത്.
എന്നാൽ, ഈ വ്യാജപ്രചാരണത്തിന് പിന്നിൽ ഡിഎംകെ പ്രവർത്തകരാണെന്നാണ് ടിവികെയുടെ ആരോപണം. സംഭവം വലിയ വിവാദമായതോടെയാണ് മന്ത്രി പൊതുയോഗത്തിലും പിന്നീട് സാമൂഹികമാധ്യമങ്ങളിലും വിഷയത്തിൽ വിശദീകരണം നൽകിയത്.
വ്യാജ പ്രചാരണത്തിൽ പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കീർത്തനയുടെ പ്രതികരണം. “എല്ലാ ശനിയും ഞായറും വ്യാജ പ്രചാരണം നടത്തുകയെന്നതാണ് അവരുടെ ജോലി.
ഡിഎംകെയും എഐഎഡിഎംകെയും എല്ലാരീതിയിലും ഇന്റർനെറ്റിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ്. ആ വീഡിയോയിലുള്ള വ്യക്തി താനല്ല,” പൊതുയോഗത്തിൽ സംസാരിക്കവേ എസ്.
കീർത്തന വ്യക്തമാക്കി. ഒരു സ്ത്രീയുടെ സാധാരണദിവസത്തെ ഒരു വീഡിയോ ആണത്.
ആ വീഡിയോ വെച്ച് വ്യാജപ്രചാരണം നടത്തുന്നവരുടെ ദുർബലമായ മാനസികാവസ്ഥയും പിന്തിരിപ്പൻ നിലപാടുകളുമാണ് അത് വ്യക്തമാക്കുന്നത്. പക്ഷേ, ഇതിലൊന്നും എനിക്ക് ഒരു അതിശയവുമില്ല.
സ്ത്രീകൾക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ നേതാവിന്റെ അനുയായികളിൽനിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്നും കീർത്തന സാമൂഹികമാധ്യമങ്ങളിൽ ചോദിച്ചു. “ആ വീഡിയോയിലുള്ളത് ഞാനല്ല.
ഇനി ഞാൻ ആണെങ്കിൽ തന്നെ എന്താണ് പ്രശ്നം. ഒരു സ്ത്രീയുടെ വസ്ത്രവും അവരുടെ രൂപവുമെല്ലാം ഇപ്പോഴും പൊതുവിചാരണ ചെയ്യുന്നത് എന്തുകൊണ്ടാണ്.
പോസിറ്റീവായി ഒന്നും സംഭാവന ചെയ്യാൻ കഴിയാത്തവരുടെ ഏറ്റവും പഴകിയ ആയുധമാണ് സ്ത്രീവിരുദ്ധത. എന്റെ രൂപസാദൃശ്യമുള്ളത് കൊണ്ട് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ട
ആ സ്ത്രീയോട് മാപ്പ് ചോദിക്കുന്നു. നിങ്ങൾ അതീവസുന്ദരിയാണെന്നും” എസ്.
കീർത്തന കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

