അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ സ്വർണമാല കവർന്ന കേസിൽ പ്രതിയെ പൊലീസ് അതിവേഗം പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കർ (34) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്.
ഒക്ടോബർ നാലിന് രാത്രി ഒൻപതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റയാളെയും വഹിച്ചുകൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ട ഓട്ടോറിക്ഷയിൽ കയറിപ്പറ്റിയ പ്രതി, ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ഇയാളുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു.
സംഭവത്തിൽ അമ്പലപ്പുഴ പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിലൂടെയും സാങ്കേതിക തെളിവുകളുടെ സഹായത്തോടെയുമാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് കുറവൻതോട് ജങ്ഷനിൽ വെച്ചാണ് ഇയാളെ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുകുമാർ, സബ് ഇൻസ്പെക്ടർമാരായ ജയേഷ് ചന്ദ്രൻ, വിനോദ്, രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ ബിജോയ്, വിനിൽ, സിവിൽ പൊലീസ് ഓഫിസര്‍മാരായ അരുൺ, വിജിത്ത്, തൻസീം, ദീപക് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ അഷ്കർ മുൻപും സമാനമായ രീതിയിൽ ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

