സംസ്ഥാനത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ദേശീയപാതകൾ എന്നിവയോടു ചേർന്നു വ്യവസായ ആവശ്യത്തിനു ഭൂമിയേറ്റെടുക്കുന്നതിനുള്ള നിയമനടപടികൾ കൂടുതൽ ലഘൂകരിക്കുന്നു. നിലവിലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസവും പുനഃസ്ഥാപനവും നിയമത്തിന്റെ (എൽഎആർആർ ആക്ട്) നടപടിക്രമങ്ങളിൽ കുരുങ്ങി സ്ഥലമെടുപ്പു നീളുന്നത് ഒഴിവാക്കലാണു സർക്കാർ ലക്ഷ്യമിടുന്നത്.
എൽഎആർആർ നിയമത്തിലുള്ള നെഗോഷ്യബിൾ പർച്ചേസ് എന്ന വ്യവസ്ഥ ഉപയോഗിച്ചാകും ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ലഘൂകരിക്കുക. ഭൂവുടമകളുമായി ചർച്ച ചെയ്തു ന്യായവിലയ്ക്കു ഭൂമി ഏറ്റെടുക്കാൻ ധാരണയിലെത്തണം.
നടപടിക്രമങ്ങൾ വേഗത്തിലാകുകയും ഭൂമിയുടെ വില പെട്ടെന്നു ലഭിക്കുകയും ചെയ്യുമെന്നതാണു നേട്ടം. സ്വകാര്യ കമ്പനികൾക്കു വ്യവസായ നിക്ഷേപത്തിനു നടപടിക്രമങ്ങൾ കുറച്ച്, വേഗത്തിൽ ഭൂമി ലഭ്യമാക്കാനും സർക്കാർ സഹായം നൽകും.
കലക്ടർമാരുടെ അധ്യക്ഷതയിലുള്ള ജില്ലാതല കമ്മിറ്റികളുടെയോ സംസ്ഥാനതല കമ്മിറ്റിയുടെയോ അനുവാദത്തോടെ ഇതു നടപ്പാക്കും. ഇതിനിടെ, സർക്കാർ സ്ഥാപനങ്ങൾ, ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള ഉപയോഗിക്കാതെ കിടക്കുന്നതും പുറമ്പോക്കു ഭൂമിയും ഉൾപ്പെടെ ഏകദേശം 2000 ഏക്കർ ഭൂമി വ്യവസായ വകുപ്പ് കണ്ടെത്തി.
വിവരശേഖരണത്തിന്റെ 75% പൂർത്തിയായപ്പോഴാണിത്. പ്ലാന്റേഷൻ കോർപറേഷൻ കൂടി സഹകരിച്ചാൽ 5000–6000 ഏക്കർ ഭൂമി കണ്ടെത്താമെന്നാണു വിലയിരുത്തൽ.
നാല് വിമാനത്താവളങ്ങളുടെയും രണ്ട് തുറമുഖങ്ങളുടെയും സമീപപ്രദേശങ്ങൾ, ദേശീയപാതയുടെ ഇരുഭാഗത്തും 10 കിലോമീറ്റർ വരെ പരിധിയിൽ എന്നിങ്ങനെ ഭൂമി കണ്ടെത്താനാണു ശ്രമം. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനു തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി സ്ഥലം കണ്ടെത്തും.
ഇതിനു തിരുവനന്തപുരം കുറ്റിച്ചലിൽ 125 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കിൻഫ്ര നടപടി തുടങ്ങി. ട്രിവാൻഡ്രം സ്പിന്നിങ് മിൽ, കേരള ഓട്ടോമൊബീൽസ് എന്നിവയുടെ ഉപയോഗിക്കാതെ കിടന്ന ഭൂമിയിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ നേതൃത്വത്തിൽ കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ (സിഎഫ്എസ്) ആരംഭിക്കാൻ ധാരണയായി.
അടുത്തമാസം പ്രഖ്യാപനമുണ്ടാകും. ഭൂമി ഏറ്റെടുക്കലിനുള്ള പ്രാരംഭ നടപടികൾ അവസാനഘട്ടത്തിലാണ്.
തീം അടിസ്ഥാനമാക്കിയുള്ള വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള ആശയം വ്യവസായ മന്ത്രിയുടേതാണ്. ഉൽപാദക വ്യവസായങ്ങൾ, ഹൈടെക് വ്യവസായങ്ങൾ, ഐടി, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യസംസ്കരണം തുടങ്ങി ഒട്ടേറെ വ്യവസായ പാർക്കുകൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ സ്ഥലലഭ്യതയും മറ്റു സൗകര്യങ്ങളും അടിസ്ഥാനമാക്കി ആരംഭിക്കാം.
എ.പി.എം.മുഹമ്മദ് ഹനീഷ്
വ്യവസായ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

