കൊച്ചിയിലെ പെരുമ്പാവൂർ ഓടക്കാലി സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഡിറ്റോറിയമാണ് ശക്തമായ കാറ്റിലും മഴയിലും തകർന്നു വീണത്. വൈകിട്ട് 4.10ഓടെയായിരുന്നു ഈ അപകടം സംഭവിച്ചത്.
എന്നാൽ വിദ്യാർഥികൾ സ്കൂൾ വിട്ടുപോയതിനു ശേഷം അപകടം ഉണ്ടായതിനാൽ വലിയൊരു ദുരന്തവും ആളപായവുമാണ് ഒഴിവായത്. ഉച്ചകഴിഞ്ഞ് 3.30 മുതൽ പ്രദേശത്ത് കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും വീശിയിരുന്നു.
കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പുതൂണുകൾക്ക് മുകളിൽ ഷീറ്റ് പാകിയ ഓഡിറ്റോറിയമാണ് ഒരു ഭാഗത്തേക്ക് പൂർണ്ണമായി ചെരിഞ്ഞു വീണത്. ഒരു വശത്ത് സ്കൂൾ കെട്ടിടവും മറുഭാഗത്ത് കളിസ്ഥലവുമുള്ള രീതിയിലാണ് ഈ തുറന്ന ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്.
അപകടത്തിൽ മേൽക്കൂര പതിച്ചത് ഗ്രൗണ്ടിന്റെ ഭാഗത്തേക്കാണ്. മഴയുള്ള ദിവസങ്ങളിൽ കുട്ടികളുടെ അസംബ്ലി നടക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും കളിക്കുന്നതുമെല്ലാം ഈ ഓഡിറ്റോറിയത്തിലാണ്.
കുട്ടികൾ ഏറെ സജീവമായി ഇടപെടുന്ന ഈ ഭാഗത്ത് അപകടസമയത്ത് ആരും ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമായി മാറി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് രണ്ടു വർഷം മുൻപാണ് ഈ കെട്ടിടം നിർമിച്ചത്.
സംഭവസമയത്ത് അധ്യാപകരടക്കമുള്ള ജീവനക്കാർ സ്കൂളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ല. പെരുമ്പാവൂർ, കോതമംഗലം മേഖലകളിലും കൊച്ചി നഗരത്തിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
വരുന്ന മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പുറമെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

