ദേശീയപാതയോരങ്ങളിൽ നിന്ന് നിശ്ചിത ദൂരം ഒഴിഞ്ഞുകിടക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊല്ലം–തേനി, കൊല്ലം–തിരുമംഗലം ദേശീയപാതകളുടെയും കടമ്പാട്ടുകോണം –ഇടമൺ ഗ്രീൻഫീൽഡ് ഹൈവേയുടെയും ഇരുവശങ്ങളിലും താമസിക്കുന്ന ജനങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.
വരുന്ന പദ്ധതികളുടെ ഭാഗമായി കൊല്ലം – തേനി എൻഎച്ച് 183 ന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലം ഏറ്റെടുക്കൽ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
തിരുമംഗലം ഹൈവേയുടെ വികസന പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ പ്രദേശവാസികളെയും കച്ചവട
സ്ഥാപനങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടതി ഉത്തരവ് പ്രകാരം ദേശീയപാതയുടെ മധ്യഭാഗത്ത് നിന്ന് 40 മീറ്റർ പരിധിക്കുള്ളിൽ വീടുകളുടെ നിർമ്മാണവും, 75 മീറ്റർ പരിധിയിൽ വാണിജ്യ സ്ഥാപനങ്ങളുടെ നിർമ്മാണവുമാണ് വിലക്കിയിട്ടുള്ളത്.
ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങളും കച്ചവട സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും.
റോഡിന്റെ മധ്യത്തിൽനിന്ന് ഇരുവശത്തേക്കും 40 മീറ്റർ വീതിയിൽ കെട്ടിടങ്ങൾക്കോ വീടുകൾക്കോ അനുമതി നൽകരുതെന്ന് കാണിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഏകീകൃത വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് കോടതിയുടെ നിർദേശം. പുതിയ ചട്ടങ്ങൾ വരുന്നതോടെ നിലവിലുള്ള കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് പ്രത്യേക അനുമതികൾ ആവശ്യമായി വരും.
കൊല്ലം – തേനി ദേശീയ പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാലുവരി പാത നിർമിക്കുന്നതിനായി 1663 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്. ഈ പാതയുടെ നിർമാണ ചുമതലകൾ ദേശീയപാത അതോറിറ്റി പൂർണ്ണമായും ഏറ്റെടുത്തിട്ടുണ്ട്.
മുൻപ് ഇത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്നു. ഈ പാതയുമായി ബന്ധപ്പെട്ട
ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഒരു വർഷം മുൻപ് തന്നെ പുറത്തിറങ്ങിയിരുന്നു. വികസനം നടക്കുന്ന ദേശീയപാത 66 ൽ മാത്രം കൊല്ലം ജില്ലയിൽ 220 ഹെക്ടറോളം സ്ഥലത്തെ പ്രവർത്തനങ്ങളെ സുപ്രീംകോടതി ഉത്തരവ് ബാധിക്കുന്നുണ്ട്.
മറ്റ് ദേശീയപാതകളെയും ഈ ഇടക്കാല ഉത്തരവ് ബാധിച്ചാൽ ജില്ലയിലെ ആയിരത്തിലധികം ഹെക്ടർ ഭൂമിയുടെ ക്രയവിക്രയങ്ങളെ അത് ദോഷകരമായി ബാധിക്കും. നിലവിലുള്ള കെട്ടിടങ്ങളെ ഉത്തരവ് ബാധിക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
എങ്കിലും, കെട്ടിടങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികളോ പുതിയ നിർമാണങ്ങളോ നടത്തണമെങ്കിൽ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രത്യേക അനുമതി നേടേണ്ടി വരും. ദേശീയപാത 66-നായി ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ നമ്പർ നൽകിയിട്ടില്ല.
വികസനത്തിനായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾക്ക് പകരമായി നിർമിച്ചവയെയും പുതിയ ഉത്തരവ് ബാധിച്ചേക്കാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പുറത്തുവിടുന്ന ഉത്തരവായിരിക്കും നിർണായകമാവുക.
കോടതി നിർദേശപ്രകാരം കേന്ദ്ര റോഡ് ഗതാഗത– ദേശീയപാത മന്ത്രാലയം ഏകീകൃത വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും ജനസാന്ദ്രതയും മുൻനിർത്തി ഉത്തരവിൽ ആവശ്യമായ ഇളവുകൾ തേടി സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

