വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ ടിക്കറ്റില്ലാതെയും റിസർവേഷൻ ഇല്ലാതെയുമുള്ള യാത്രക്കാരുടെ അതിക്രമം തടയുന്നതിനായി ദക്ഷിണ പശ്ചിമ റെയിൽവേ കർശന നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കെആർ പുരം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൈസൂരു– തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ട്രെയിനിലെ സ്ലീപ്പർ കോച്ചുകളിൽ അനധികൃതമായി പ്രവേശിച്ച യാത്രക്കാരെ റെയിൽവേ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പുറത്തിറക്കി.
കൂടാതെ, സ്റ്റേഷനിൽ ഉച്ചഭാഷിണിയിലൂടെ കർശന മുന്നറിയിപ്പുകളും നൽകുകയുണ്ടായി. ഓണം പ്രമാണിച്ച് നാട്ടിലേക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്ന യഥാർത്ഥ റിസർവേഷൻ യാത്രക്കാർക്ക് കോച്ചുകൾക്കുള്ളിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള അൺറിസർവ്ഡ് യാത്രക്കാരുടെ വലിയ തോതിലുള്ള തള്ളിക്കയറ്റമാണ് നിലവിലുള്ളത്.
പ്രധാനമായും മാലൂർ, ബംഗാർപേട്ട്, കുപ്പം തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്കുള്ളവരാണ് ഇത്തരം റിസർവേഷൻ കോച്ചുകളിലേക്ക് വ്യാപകമായി അതിക്രമിച്ചു കയറുന്നത്. ട്രെയിനുകളിലെ ഈ അനിയന്ത്രിതമായ തിരക്കും തള്ളിക്കയറ്റവും കാരണം യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർക്ക് ഇതിനോടകം നിരവധി തവണ പരാതികൾ നൽകിയിരുന്നെങ്കിലും, മുൻകാലങ്ങളിൽ നടപടികൾ വേണ്ടത്ര ഫലപ്രദമായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

