സംസ്ഥാനത്ത് തിരുവോണം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെലോ അലർട്ട് ബാധകമായിരിക്കും.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
ഇരുപത്തിനാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളം ജില്ലയിലെ മുനമ്പം മുതൽ മറുവക്കാട് വരെയും, തൃശൂർ ജില്ലയിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്നുച്ചയ്ക്ക് 2.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് ദേശീയ സമുദ്രവിവര വിശകലന കേന്ദ്രം വ്യക്തമാക്കി.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
കൂടാതെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

