ഓണാഘോഷ ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തിൽ നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു.
പ്രശ്നത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യാൻ സ്കൂൾ അച്ചടക്ക സമിതിയും പിടിഎയും സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് ഔദ്യോഗികമായി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം 21-ാം തീയതി സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടയിലാണ് അനിഷ്ട
സംഭവങ്ങളുണ്ടായത്. സ്കൂൾ അധികൃതരുടെ മുൻകൂർ അനുമതിയോടെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു വിഭാഗം വിദ്യാർഥികൾ പ്രത്യേക ഡ്രസ് കോഡ് ധരിച്ചാണ് ആഘോഷങ്ങളിൽ പങ്കുചേർന്നത്.
എന്നാൽ, പ്ലസ് വൺ വിദ്യാർഥികൾ ധരിച്ച ഡ്രസ് കോഡിനെ പ്ലസ്ടു ക്ലാസിലെ ഒരു വിഭാഗം വിദ്യാർഥികൾ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും വഴിമാറുകയായിരുന്നു. തർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രശ്നക്കാരായ വിദ്യാർഥികളെ അധ്യാപകർ സ്കൂൾ വളപ്പിന് പുറത്താക്കി ഗേറ്റടച്ചു.
എങ്കിലും റോഡിൽ ആരംഭിച്ച കയ്യാങ്കളി സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിലേക്ക് വരെ നീണ്ടു. ഉച്ചയ്ക്ക് ശേഷവും സ്കൂൾ പരിസരത്ത് സംഘർഷാവസ്ഥ തുടർന്നു.
വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ഇടപെട്ടു. സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ ഒരു കുട്ടിയുടെ കണ്ണിനാണ് പരുക്കേറ്റത്.
കൂടാതെ മറ്റ് ചില വിദ്യാർഥികളെ കല്ലെടുത്ത് ആക്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. പരുക്കേറ്റ വിദ്യാർഥികൾ പ്രാദേശിക കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
അനിഷ്ട സംഭവങ്ങളെത്തുടർന്ന് പ്രിൻസിപ്പൽ ശൈലജ കെ.
ഗോപാലന്റെ അധ്യക്ഷതയിൽ അടിയന്തര അച്ചടക്ക സമിതിയോഗം ചേർന്ന് വിഷയം ഗൗരവമായി ചർച്ച ചെയ്തു. ഏകദേശം പതിനെട്ടോളം പ്ലസ് ടു വിദ്യാർഥികൾ അടങ്ങിയ സംഘമാണ് ജൂനിയർ വിദ്യാർഥികളെ മർദ്ദിച്ചതെന്ന് യോഗം വിലയിരുത്തി.
പിടിഎ പ്രസിഡന്റ് പി.കെ. വിനോദ്കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, മജീദ് ബെണ്ടിച്ചാൽ, എൻ. ഉണ്ണിക്കൃഷ്ണൻ, എ.
സുനിത തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. സംഘർഷം ഉണ്ടായെങ്കിലും സ്കൂളിലെ മറ്റ് ഓണാഘോഷ പരിപാടികൾ യാതൊരു തടസ്സവുമില്ലാതെ തുടർന്നുനടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

