സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി വനിതകൾക്ക് മാത്രമായി കെഎസ്ആർടിസി നടപ്പിലാക്കുന്ന ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി സി.പി.ജോൺ നിർവഹിച്ചു. ടെക്നോപാർക്ക് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകളുടെ രാത്രികാലയാത്ര സുരക്ഷിതമാക്കുന്നതിനാണ് ഈ സർവീസുകൾ വിഭാവനം ചെയ്തിട്ടുള്ളത്.
യാത്രക്കാരുടെ ആവശ്യം കൃത്യമായി വിലയിരുത്തി വരും ദിവസങ്ങളിൽ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും, ഇതിനായി റൂട്ടുകളും സമയക്രമവും പുതുതായി നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പകൽ സമയങ്ങളിലും ഈ ബസുകളുടെ സേവനം പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നതാണ്.
ട്രെയിൻ മാർഗം എത്തുന്ന സ്ത്രീകൾ, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാർ, രോഗികൾ തുടങ്ങിയവർക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സുരക്ഷിതമായി എത്തിച്ചേരുന്നതിനായാണ് പുലർച്ചെയുള്ള സർവീസുകൾ പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി പി.എസ്.പ്രമോജ് ശങ്കർ, കൗൺസിലർ ഹരികുമാർ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് ഉപയോഗിച്ച് ആകെ 10 ട്രിപ്പുകളായിരിക്കും സർവീസ് നടത്തുക.
ബസിന് വൈകാതെ തന്നെ പൂർണ്ണമായും പിങ്ക് നിറം നൽകുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

