രാജ്യാന്തര വിപണിയിൽ സ്വർണവില കഴിഞ്ഞ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. നിലവിൽ 75 ഡോളർ ഇടിവോടെ ഔൺസിന് 4056 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ മാത്രം രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ 12 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2016 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ വിലയിടിവാണിത്.
ഈ സാഹചര്യം കേരളത്തിലെ സ്വർണ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ഇന്ന് രാവിലെ സ്വർണം പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയും, ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയുമായി.
ഈ മാസം മാത്രം പവന് 8720 രൂപയുടെയും, കഴിഞ്ഞ 10 ദിവസത്തിനിടെ 5280 രൂപയുടെയും കുറവാണുണ്ടായത്. നിലവിലെ വിപണി ട്രെൻഡ് തുടരുകയാണെങ്കിൽ പവൻ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.
വിപണി വിദഗ്ധരുടെ വിലയിരുത്തലുകൾ പ്രകാരം, വില 90,000 രൂപയിലേക്ക് താഴാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. വിലയിടിവിനുള്ള കാരണങ്ങൾ
രാജ്യാന്തര തലത്തിൽ ഡോളർ കരുത്താർജ്ജിക്കുന്നതാണ് സ്വർണവില ഇടിയാൻ പ്രധാന കാരണം.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2026ൽ അടിസ്ഥാന പലിശനിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകൾ നിക്ഷേപകരിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. സ്വർണത്തിന് പകരം ബാങ്ക് നിക്ഷേപങ്ങളിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുന്നു.
റെക്കോർഡ് വിലയിൽ നിന്നും വൻ ഇടിവ്
ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയായിരുന്നു പവന്റെ റെക്കോർഡ് വില. അന്ന് ഗ്രാമിന് 16,395 രൂപയായിരുന്നു.
അന്നത്തെ ഉയർന്ന നിരക്കിൽ നിന്നും ഇതുവരെ 25,320 രൂപയാണ് പവന് കുറഞ്ഞത്. വിവിധ വിഭാഗങ്ങളിലെ ഇന്നത്തെ വിലനിലവാരം
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) കണക്കുപ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,930 രൂപയിലെത്തി.
വെള്ളി ഗ്രാമിന് 245 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGMSA) പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 10,875 രൂപയും, 14 കാരറ്റ് സ്വർണം 8470 രൂപയും, 9 കാരറ്റ് സ്വർണം 5460 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ സർവകാല റെക്കോർഡായ 5417 ഡോളറിൽ നിന്ന് സ്വർണവില ഇതിനകം 24 ശതമാനത്തോളം ഇടിഞ്ഞു കഴിഞ്ഞു. വെള്ളിവിലയാകട്ടെ റെക്കോർഡ് നിരക്കിൽ നിന്ന് 47 ശതമാനത്തിലധികം കുറഞ്ഞ് 61 ഡോളറിലേക്ക് എത്തിനിൽക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

