പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച് നഗരത്തിലൂടെ ഓടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. മേപ്പറമ്പ് നെല്ലിക്കാട് സ്വദേശിയായ ഫാസിൽ (28) ആണ് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. സംഭവം നടന്നത്
ഈ മാസം 7ന് പുലർച്ചെ മൂന്നുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.
ബൈക്കിൽ സുഹൃത്തിനൊപ്പം ഡിപ്പോയിലെത്തിയ ഫാസിൽ, നിർത്തിയിട്ടിരുന്ന ബസിൽ കയറി കൊണ്ടുപോവുകയായിരുന്നു. താക്കോൽ ഇല്ലാതെ ബസ് സ്റ്റാർട്ട് ചെയ്യാനുള്ള സാങ്കേതികവിദ്യ വശമുള്ള പ്രതി, ഓർഡിനറി ബസ് ഏകദേശം മൂന്നര കിലോമീറ്ററോളം അതിവേഗത്തിൽ ഓടിച്ചു.
പിന്നീട് ടൗൺ സ്റ്റാൻഡിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബസ് കണ്ടെത്തി.
വഴിയിലുടനീളം വിവിധ ഇടങ്ങളിൽ ഇടിച്ചതിനെത്തുടർന്ന് ബസിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നിരുന്നു. പ്രതിയുടെ മൊഴി
തെളിവെടുപ്പിനായി ഡിപ്പോയിലെത്തിച്ചപ്പോൾ പ്രതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഉത്തരവാദിത്തമില്ലാതെ റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.
കെഎസ്ആർടിസിക്കാർക്ക് ഒരു പണികൊടുക്കാമെന്ന് വിചാരിച്ചു’. മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയല്ല ബസിൽ കയറിയതെന്നും മഴയുള്ള സമയമായതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി.
തുടർ നടപടികൾ
ബസ് മോഷണത്തിന് തൊട്ടടുത്ത ദിവസം യാക്കരയിൽ നിന്ന് മിനിലോറി മോഷ്ടിച്ചതും ഫാസിൽ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ വാഹനം കോയമ്പത്തൂരിൽ നിന്നാണ് പിന്നീട് കണ്ടെത്തിയത്.
പ്രതി ഒളിവിൽ കഴിയുന്നതിനിടെ എറണാകുളത്തും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നു. മണപ്പുള്ളിക്കാവിനടുത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
കൊലപാതകശ്രമം, കഞ്ചാവ് കടത്ത്, അടിപിടി തുടങ്ങി ഒൻപതോളം കേസുകളിൽ പ്രതിയാണ് ഫാസിൽ. നിലവിൽ മോഷണക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത ശേഷം പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ കൂടി ചുമത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.
പാലക്കാട് ടൗൺ സൗത്ത് എസ്ഐ ഷബീബ് റഹ്മാൻ, കെ.സാലിം, എഎസ്ഐ എം.സജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മൻസൂർ, ആർ.രാജീവ്, കെ.എസ്.ഷാലു, സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

