സംസ്ഥാനത്ത് ശബരിമല മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കാനിരിക്കെ കെഎസ്ആർടിസിയിൽ ഡ്രൈവർമാരുടെ വലിയ തോതിലുള്ള കുറവ് ആശങ്ക പരത്തുന്നു. സ്പെഷൽ സർവീസുകളുടെ നടത്തിപ്പിനെ തന്നെ ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം ഡിപ്പോയിൽ മാത്രം നിലവിൽ 66 ഡ്രൈവർമാരുടെ ഒഴിവുകളാണുള്ളത്. തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
താൽക്കാലിക ഡ്രൈവർമാർക്ക് പ്രതിദിനം 715 രൂപയാണ് നിലവിൽ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ വേതനം 900 രൂപയായി വർധിപ്പിക്കണമെന്നാണ് വിവിധ യൂണിയനുകളുടെ ആവശ്യം.
കഴിഞ്ഞ കാലങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ച ഡ്രൈവർമാരെല്ലാം ജോലി ഉപേക്ഷിച്ചു മടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും എക്സ്ചേഞ്ചിന് ഔദ്യോഗികമായി കത്ത് നൽകിയിരിക്കുകയാണ് കോർപ്പറേഷൻ അധികൃതർ.
ഇതിനിടെ സ്വിഫ്റ്റ് ബസുകളിലേക്ക് 385 ഡ്രൈവർമാർ, 310 ഡ്രൈവർ കം കണ്ടക്ടർമാർ, 345 കണ്ടക്ടർമാർ എന്നിവരുടെ ഒഴിവുകളിലേക്ക് പുതിയ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഈ നിയമനങ്ങളിലും ആവശ്യത്തിന് ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ അത് വരാനിരിക്കുന്ന ശബരിമല സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

