പശ്ചിമബംഗാളിലെ ഫാൾട്ട മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്വല വിജയം. ബിജെപി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡ 1,09,021 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.
സംസ്ഥാനത്ത് പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ 40,627 വോട്ടുകൾ നേടിയ സിപിഐഎം സ്ഥാനാർഥി ശംഭു നാഥ് കുർമി രണ്ടാം സ്ഥാനത്തെത്തി.
കോൺഗ്രസ് സ്ഥാനാർഥി അബ്ദുൾ റസാക്ക് മൊല്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മത്സരത്തിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം രംഗത്തെത്തി. “ഭയമില്ലാതെ ജനങ്ങൾ വോട്ട് ചെയ്തപ്പോൾ പോരാട്ടം സിപിഐഎമ്മും ബിജെപിയും തമ്മിലായി,” എന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നൽകുന്നതാണെന്നും മുഹമ്മദ് സലീം കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്ന സാഹചര്യത്തിൽ, ബംഗാളിലെ നിർണായകമായ ന്യൂനപക്ഷ വോട്ടുകൾ ആർക്കൊപ്പം നിൽക്കും എന്നതിന്റെ സൂചികയായി ഫാൾട്ട ഉപതിരഞ്ഞെടുപ്പ് മാറിയെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ നിരീക്ഷകർ ഏറെ ഉറ്റുനോക്കിയ ഈ ഉപതിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

